j-smarakam

കൊച്ചി: മഹാകവി ജി. ശങ്കരക്കുറുപ്പ് സ്മാരകവും പ്രവർത്തനം ആരംഭിക്കുന്നതോടെ നഗരത്തിലെ പൊതുയിടങ്ങൾ വർദ്ധിക്കും. രാജേന്ദ്ര മൈതാനം, സുഭാഷ് പാർക്ക്, പള്ളത്ത് രാമൻ സാംസ്കാരിക കേന്ദ്രം, വടുതല പാർക്ക് എന്നിവയ്ക്കൊപ്പം നഗരത്തിൽ ജി. സ്മാരകം കൂടി ആരംഭിക്കുന്നതോടെ നഗരാധിഷ്ഠിത ടൂറിസത്തിന് മികവാകും. പി.ജെ. ആന്റണി ഗ്രൗണ്ടിന്റെ നിർമ്മാണം നടന്നു വരികയാണ്.

ഹൈക്കോടതിക്ക് സമീപം പണ്ഡിറ്റ് കറുപ്പൻ സ്മാരകത്തിന് സമീപമാണ് ജി. സ്മാരകം. ഓപ്പൺ സ്റ്റേജ്, ആർട്ട് ഗ്യാലറി എന്നിവയുള്ളതിനാൽ വിവിധ പരിപാടികൾ നടത്താൻ സാധിക്കും. കോർപ്പറേഷന് വരുമാനസാദ്ധ്യതയും വർദ്ധിക്കും. കഫറ്റേരിയയുമുണ്ടാകും.

ഫെബ്രുവരി നാലിന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ സ്മാരകം ഉദ്ഘാടനം ചെയ്യും. വൈകിട്ട് സാഹിത്യപരിപാടിയും കലാപരിപാടിയും നടക്കും. സ്മാരകത്തിന്റെ നടത്തിപ്പ് ചുമതല സി ഹെഡിനാണ് (സെ​ന്റ​ർ ഫോ​ർ ഹെ​റി​റ്റേ​ജ്, എ​ൻ​വി​യോ​ൺ​മെ​ന്റ് ആ​ൻ​ഡ് ഡെവലപ്മെ​ന്റ് ).

ടൂറിസം സാദ്ധ്യത

സ്മാരകം ടൂറിസം കേന്ദ്രമായിക്കൂടി മാറുമെന്നാണ് കോർപ്പറേഷന്റെ പ്രതീക്ഷ. ക്യൂൻസ് വാക് വേ, മംഗളവനം എന്നിവയ്ക്ക് സമീപമാണ് സ്മാരകം. കവിയെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുന്നവർക്കും ഇവിടെ സൗകര്യമുണ്ടാകും.

കാവാക്കി (കാവിന്റെ മാതൃക) ഇവിടെ നിർമ്മിക്കും. സ്വസ്ഥമായി ഇരിക്കാനുള്ള സൗകര്യമുണ്ടാകും. കവിയുടെ കവിതകൾ കേൾക്കുന്ന ഹോളോഗ്രാം ഉണ്ടാകും. ഇതിന്റെ നിർമ്മാണം ഉദ്ഘാടനത്തിന് ശേഷമേ ഉണ്ടാകൂ. കവിയുടെ ശില്പം, ഓടക്കുഴൽ എന്നിവയും സ്മാരകത്തിൽ സ്ഥാപിക്കും. എബ്രഹാം മാടമാക്കൽ റോഡിൽ നിന്ന് 12 മീറ്റർ റോഡ് നിർമ്മിക്കുന്ന പദ്ധതി പിന്നീട് നടക്കും.

കുറെ ഏറെ തടസങ്ങളിൽ നിന്നാണ് ജി. സ്മാരകം പൂർത്തിയായി വരുന്നത്. തീരുമാനത്തിൽ നിന്ന് മാറ്റം വരാതെ ഉറച്ചു നിന്ന് പ്രവർത്തനങ്ങൾ മുന്നോട്ട് കോണ്ടുപോകുകയായിരുന്നു. അമൃത, സ്മാ‌ർട്സിറ്റി എന്നിവയുടെ ഫണ്ടും നിർമ്മാണത്തിന് ലഭ്യമായിട്ടുണ്ട്.

അഡ്വ. എം. അനിൽകുമാർ

മേയർ

ഞങ്ങളുടെ കുടുംബത്തിനും മുത്തച്ഛനെ സ്നേഹിക്കുന്നവർക്കും വലിയ സന്തോഷം തരുന്ന വാർത്തയാണ്. ഞാൻ ഡെപ്യൂട്ടി മേയറായിരുന്ന സമയത്ത് പദ്ധതിക്കായുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. നിലവിലത്തെ കൗൺസിൽ അത് യാഥാർത്ഥ്യമാക്കി. മഹോനരമായ നിർമ്മാണമാണ് നടക്കുന്നത്.

ബി. ഭദ്ര

ജിയുടെ ചെറുമകൾ