
കൊച്ചി: പ്രൊഫ.ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിനെ 13 വർഷം സുരക്ഷിതമായി ഒളിവിൽ കഴിയാൻ സഹായിച്ചവരെ വലയിലാക്കാൻ എൻ.ഐ.എ അന്വേഷണം ആരംഭിച്ചു. കാസർകോട്, കണ്ണൂർ ജില്ലകളിൽ പോപ്പുലർ ഫ്രണ്ടിന്റെ മുൻ നേതാക്കളും എസ്.ഡി.പി.ഐ നേതാക്കളും നിരീക്ഷണത്തിലാണ്. ഒന്നിലേറെ തവണ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടും കേരളത്തിൽ ഒളിവിൽ കഴിയാനായത് ശക്തമായ പിന്തുണ ലഭിച്ചതിനാലാണെന്ന് വിലയിരുത്തലുണ്ട്.
കണ്ണൂർ ബേരത്ത് വാടകവീട് സംഘടിപ്പിച്ചു നൽകിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ കണ്ടെത്തി ചോദ്യം ചെയ്യും. ഒളിവിൽ പോയശേഷം ആരൊക്കെ സഹായിച്ചെന്നും കണ്ടെത്തും.
സവാദിന്റെ താമസസ്ഥലത്തു നിന്ന് പിടിച്ചെടുത്ത രണ്ടു മൊബൈൽ ഫോണുകൾ ശാസ്ത്രീയപരിശോധന നടത്തും. ഇയാൾ ഉപയോഗിച്ച സിമ്മുകളുടെ സേവനദാതാക്കളിൽ നിന്നും വിവരങ്ങൾ ശേഖരിക്കും.
തിരിച്ചറിയൽ പരേഡ് ആദ്യം
സവാദിനെ തിരിച്ചറിയൽ പരേഡിന് വിധേയനാക്കിയ ശേഷമാകും കസ്റ്റഡിയിൽ ലഭിക്കാൻ എൻ.ഐ.എ അപേക്ഷ സമർപ്പിക്കുക. തിരിച്ചറിയൽ പരേഡിനായി നൽകിയ അപേക്ഷ ഇന്നോ നാളെയോ കോടതി പരിഗണിക്കും. കേസിലെ സാക്ഷികളെയാകും തിരിച്ചറിയൽ പരേഡിൽ പങ്കെടുപ്പിക്കുക.
അധിക കുറ്റപത്രം സമർപ്പിക്കും
കൈവെട്ടുകേസിൽ മൂന്നാംഘട്ട വിചാരണയ്ക്കാണ് സവാദിന്റെ അറസ്റ്റോടെ വഴിയൊരുങ്ങുന്നത്. സവാദിനെതിരെ അധിക കുറ്റപത്രം സമർപ്പിക്കും. സവാദിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളിൽ നിന്ന് കൂടുതൽപേരെ ചോദ്യം ചെയ്യും. ഭീകരപ്രവർത്തനം, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരായ പ്രവർത്തനം, ഭീകരസംഘടനയിൽ അംഗമാകൽ, കൊലപാതകശ്രമം, മാരകായുധങ്ങൾ ഉപയോഗിച്ച് മാരകമായി മുറിവേൽപ്പിക്കൽ, സ്‌ഫോടകവസ്തുക്കൾ ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങൾ സവാദിനെതിരെ ചുമത്തുമെന്ന് എൻ.ഐ.എ വൃത്തങ്ങൾ പറഞ്ഞു.
കണ്ണൂരും കാസർകോടും
സ്വാധീനം തുടരുന്നുവെന്ന്
കണ്ണൂർ: നിരോധനത്തിനു ശേഷവും കണ്ണൂർ, കാസർകോട് ജില്ലകളിൽ പോപ്പുലർ ഫ്രണ്ടിന്റെ നിശബ്ദ പ്രവർത്തനം സജീവമെന്ന് എൻ.ഐ.എ വിലയിരുത്തൽ. സവാദിന് ഇരുജില്ലകളിലുമായി ഒളിയിടങ്ങൾ ഒരുക്കിയത് പോപ്പുലർഫ്രണ്ടിലെ ചില നേതാക്കളാണെന്ന് എൻ.ഐ.എ വൃത്തങ്ങൾ സൂചിപ്പിച്ചു.