
പള്ളുരുത്തി: കഴിഞ്ഞ 30 വർഷമായി പള്ളുരുത്തി പുലവാണിഭമേളയിൽ മുടക്കമില്ലാതെ പായ വില്പനയുമായി മണിയനുണ്ട്. തുറവൂർ സ്വദേശിയായ മണിയന് പ്രായം 70 ആയെങ്കിലും കച്ചവടത്തിന് മുൻപന്തിയിലുണ്ട്. ഒരു കുടുംബത്തിന് കിടക്കാൻ പറ്റിയ ചിക്ക് പായ മുതൽ മെത്ത പായ, പുല്ല് പായ, ചെറിയ പായ, തുടങ്ങി പലതുമുണ്ട് വില്പനയിൽ.
സഹായത്തിന് ആരുമില്ലെങ്കിലും പഞ്ചാരമണലിൽ പായ വിരിച്ച് മുറുക്കാൻ തുപ്പി വാങ്ങാൻ വരുന്നവരെയും കാത്ത് കാലും നീട്ടി ഇരിപ്പാണ് മണിയൻ. ഇതൊക്കെ എന്ത് കച്ചവടം 30 വർഷം മുൻപ് പായകൾ ഇറക്കാൻ നേരമില്ല അപ്പോൾ തന്നെ എല്ലാം കച്ചവടമാകും. ആധുനിക രീതിയിലുള്ള ബഡുകൾ വന്നതോടെ പായകൾ ആർക്കും വേണ്ടാതായി. വീടുകളിൽ പ്രായം ചെന്നവർ മാത്രമാണ് പായ വിരിച്ച് കിടക്കുന്നത്. അതിനാൽ അവർക്ക് നടുവ് വേദന, കൈകാൽ വേദന തുടങ്ങി ഒരു അസുഖവും ഇല്ലെന്നതാണ് മണിയന്റെ പക്ഷം.
തുറവൂർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മണിയൻ സ്വന്തമായി തഴ കെട്ടി ഉണക്കിയാണ് പായകൾ നിർമ്മിക്കുന്നത്. ആയിരം രൂപയാണ് ചിക്ക് പായയുടെ വില. മെത്ത പായ -3000, പുല്ലു പായ - 200, ചെറിയ പായ -250 എന്നിങ്ങനെയാണ് വിലകൾ. ഭാര്യ പെണ്ണമ്മയും മക്കളായ സതിയും സലിയും വീട്ടിൽ മണിയനെ പായ നിർമ്മാണത്തിൽ സഹായികളായുണ്ട്. ധനുമാസത്തിലെ അവസാന വ്യാഴാഴ്ചയാണ് പുലവാണിഭമെങ്കിലും ഒരാഴ്ചയോളം കച്ചവടക്കാർ ഇവിടെ ഉണ്ടാകും. അഴകിയകാവ് ക്ഷേത്ര പരിസരത്ത് രാത്രിയെ പകലാക്കിയാണ് കച്ചവടം നടക്കുന്നത്. ഉണക്ക സ്രാവ്, കറി ചട്ടികൾ, കരിമ്പ്, പൊരി, വിത്തിനങ്ങൾ, വാഴ കണ്ണ്, മുറം തുടങ്ങി ആധുനിക രീതിയിലുള്ള സാമഗ്രികൾ വരെ മേളയിൽ ലഭിക്കും.