1

പള്ളുരുത്തി: പഷ്ണിത്തോട് കായൽഭാഗത്ത് മണൽതിട്ടയിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കണ്ണമാലി പനക്കൽവീട്ടിൽ പീറ്ററാണ് (63) മണൽത്തിട്ടയിൽ കുടുങ്ങിയത്. കണ്ണമാലിയിൽനിന്ന് കുമ്പളങ്ങി വഴി കൊച്ചി കായലിലേക്ക് മീൻ പിടിക്കാൻ പോയതായിരുന്നു ഇയാൾ. വഞ്ചിയിൽ ഘടിപ്പിച്ച എഞ്ചിൻ പഷ്ണിത്തോട് ഭാഗത്തുവച്ച് തകരാറായി. വേലിയിറക്ക സമയമായതിനാൽ പെട്ടെന്ന് വെള്ളം ഇറങ്ങിയതോടെ വള്ളം മണൽതിട്ടയിൽ കുടുങ്ങുകയായിരുന്നു. തൊഴിലാളി ഉറക്കെ വിളിച്ചെങ്കിലും ആരും ശ്രദ്ധിച്ചില്ല. മണിക്കൂറുകൾ കഴിഞ്ഞ് പ്രദേശവാസി കെ.കെ. റോഷൻകുമാർ ഇടപെട്ട് ഫയർഫോഴ്സിലും മറ്റും വിവരമറിയിച്ചു. മട്ടാഞ്ചേരിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം രക്ഷാപ്രവർത്തനം നടത്തി. ഉച്ചയ്ക്ക് കായലിൽ കുടുങ്ങിയ ഇയാളെ ബുധനാഴ്ച രാത്രി പത്തോടെയാണ് ഫയർഫോഴ്സ് സംഘം കരയിലെത്തിച്ചത്. പീറ്ററിന്റെ വള്ളത്തിൽ കയർ കെട്ടി കരയിലേക്ക് വലിച്ച് അടുപ്പിക്കുകയായിരുന്നു.