biju-molla

പറവൂർ: വാഴക്കുളം എടത്തിക്കാട് അന്തിനാട്ട് തമ്പിയുടെ മകൾ നിമിഷ തമ്പിയെ കുത്തിക്കൊന്ന കേസിൽ പ്രതി മുർഷിദാബാദ് സ്വദേശിയായ ബിജു മൊല്ലയെ (44) പറവൂർ അഡീഷണൽ സെഷൻസ് കോടതി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മാറമ്പിള്ളി എം.ഇ.എസ് കോളേജിലെ അവസാനവർഷ ബി.ബി.എ വിദ്യാർത്ഥിനിയായിരുന്നു

നിമിഷ (19).

2018 ജൂലായ് 30ന് രാവിലെ വീട്ടിലെത്തിയ പ്രതി വല്യമ്മയുടെ മാല പൊട്ടിക്കുന്നതു കണ്ട് തടയാൻ ശ്രമിച്ച നിമിഷയുടെ കൈയിലുണ്ടായിരുന്ന കറിക്കത്തി ബലമായി പിടിച്ചു വാങ്ങി കഴുത്തിൽ കുത്തിയിറക്കി കൊലപ്പെടുത്തുകയായിരുന്നു. തടിയിട്ടപറമ്പ് പൊലീസാണ് ആദ്യം അന്വേഷിച്ചത്. പിന്നീട് റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.

ഡിവൈ.എസ്.പി കെ.എസ്. ഉദയഭാനുവിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. നാല്പതിലധികം സാക്ഷികളെ കോടതി വിസ്തരിച്ചു.

. പ്രോസിക്യൂഷനു വേണ്ടി അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ എം.ബി. ഷാജി ഹാജരായി.


അർഹിക്കുന്ന ശിക്ഷ:

മാതാപിതാക്കൾ

കിഴക്കമ്പലം: ബിജു മൊല്ലയ്ക്ക് ലഭിച്ച ഇരട്ട ജീവപര്യന്തം ശിക്ഷാവിധിയിൽ കുടുംബാംഗങ്ങൾ സംതൃപ്തി അറിയിച്ചു. അർഹിക്കുന്ന ശിക്ഷയാണ് പ്രതിക്ക് ലഭിച്ചതെന്ന് പിതാവ് തമ്പിയും മാതാവ് സലോമിയും പറഞ്ഞു.

ആക്രമണത്തിൽ നിമിഷയുടെ പിതൃസഹോദരൻ ഏലിയാസിനും (53) ഗുരുതരമായി പരിക്കേ​റ്റിരുന്നു. നിമിഷയുടെ മാതാപിതാക്കൾ രാവിലെ ജോലിക്ക് പോയിരിക്കുകയായിരുന്നു. അക്രമത്തിനുശേഷം മുങ്ങിയ പ്രതിയെ സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിൽ നിന്ന് പൊലീസും നാട്ടുകാരും ചേർന്നാണ് പിടി കൂടിയത്. ചുവന്ന ടീഷർട്ട് ധരിച്ചയാളെന്ന ഏലിയാസിന്റെ മൊഴിയാണ് പ്രതിയെ പെട്ടെന്ന് തിരിച്ചറിയാൻ സഹായിച്ചത്.