തൃപ്പൂണിത്തുറ: പൂത്തോട്ട ആശുപത്രിയിൽ 24 മണിക്കൂർ ഡോക്ടറുടെ സേവനത്തോടെ കിടത്തി ചികിത്സ പുന:സ്ഥാപിക്കുന്നതിന് വേണ്ടി ആശുപത്രി വികസന സംരക്ഷണ സമിതി ആറു മാസമായി നടത്തുന്ന സമരത്തിന് ഫലമില്ലാത്ത സാഹചര്യത്തിൽ 30, 31 ഫെബ്രുവരി 1 തീയതികളിൽ സൂചന സത്യഗ്രഹം നടത്താൻ സമിതി തീരുമാനിച്ചു. ആശുപത്രിക്ക് മുമ്പിൽ നടത്തുന്ന സമരത്തിലും പരിഹാരമുണ്ടായില്ലെങ്കിൽ ആശുപത്രി ലോക്കൽ അധികാരികളായ മുളന്തുരുത്തി പഞ്ചായത്ത്, ഉദയംപേരൂർ പഞ്ചായത്ത്‌ എന്നിവിടങ്ങളിൽ സമരം വ്യാപിപ്പിക്കും. ചെയർമാൻ എം.പി. ജയപ്രകാശൻ മാസ്റ്റർ അദ്ധ്യക്ഷനായി. കെ.ടി. വിമലൻ, ജോൺ ജേക്കബ്, എം.പി. ഷൈമോൻ എ.കെ. രവിന്ദ്രൻനായർ, വി.ആർ. ശശി, എം.എസ്‌. വിനോദ്, കെ. മനോജ്‌, എ.പി. ജോൺ എന്നിവർ സംസാരിച്ചു.