കൊച്ചി: അമിത വിലക്കയറ്റമാണ് ഉപഭോക്താക്കൾ നേരിടുന്ന പ്രധാനപ്രശ്‌നമെന്നും വില നിർണയിക്കാൻ ദേശീയ തലത്തിൽ അതോറിറ്റി രൂപീകരിക്കണമെന്നും സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ പ്രസിഡന്റ് ജസ്റ്റിസ് കെ. സുരേന്ദ്ര മോഹൻ പറഞ്ഞു.
ദേശീയ ഉപഭോക്തൃദിനാചരണത്തിന്റെ ഭാഗമായി ഉപഭോക്തൃകാര്യവകുപ്പിന്റെയും തേവര സേക്രട്ട് ഹാർട്ട് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ദേശീയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് കുസുമാലയം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ പ്രസിഡന്റ് ഡി.ബി. ബിനു മുഖ്യപ്രഭാഷണം നടത്തി.
ബി.ഐ.എസ് കേരള ലക്ഷദ്വീപ് ജോയിന്റ് ഡയറക്ടർ സന്ദീപ് എസ്. കുമാർ, സംസ്ഥാന ഉപഭോക്തൃ സംരക്ഷണ കൗൺസിൽ അംഗം അഡ്വ. ജെ. സൂര്യ, അഡ്വ. കെ.എസ്. ഹരിഹരൻ, പ്രൊഫ. ജെയിംസ് വി. ജോർജ് സംസാരിച്ചു.