വൈപ്പിൻ: മനുഷ്യത്വം അംഗീകരിക്കാത്തവരോടുള്ള പോരാട്ടമായിരുന്നു സഹോദരൻ അയ്യപ്പന്റെ ജീവിതമെന്ന് പ്രൊഫ.എം.കെ.സാനു അഭിപ്രായപ്പെട്ടു. ചെറായി സഹോദരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സ്ഥാപിച്ച സഹോദരൻ അയ്യപ്പന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹസ്രാബ്ദങ്ങളായുള്ള അനുഷ്ഠാനങ്ങളുടെ വ്യവസ്ഥിതിയോടാണ് സഹോദരൻ പോരാടിയത്. സിംഹള സിംഹം എന്നാണ് അയ്യപ്പനെ മഹാകവി കുമാരാനാശാൻ വിശേഷിപ്പിച്ചത്. ദൈവം വേണ്ട എന്ന് ആഹ്വാനം ചെയ്തിട്ടും അയ്യപ്പന്റെ പ്രവൃത്തിയിൽ ദൈവമുണ്ടെന്ന് ശ്രീനാരായണ ഗുരു ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പൊതുസമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. നവീകരിച്ച സ്‌കൂൾ കവാടം എസ്.ശർമ്മ ഉദ്ഘാടനം ചെയ്തു. വി.വി സഭ പ്രസിഡന്റ് വികാസ് മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ കെ.എസ്.ജയപ്പൻ, പൂയ്യപ്പിള്ളി തങ്കപ്പൻ,പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, വൈസ് പ്രസിഡന്റ് എ.എൻ.ഉണ്ണിക്കൃഷ്ണൻ, രാധിക സതീഷ്, വി.വി.സഭ സെക്രട്ടറി പി.ജി. ഷൈൻ, ട്രഷറർ ബെൻസീർ കെ. രാജ്, വിനോദ് ഡിവൈൻ, രഞ്ജൻ എസ്. കരിപ്പായി, ഹെഡ്മാസ്റ്റർ ടി.എ. ബാബുരാജ് എന്നിവർ സംസാരിച്ചു.