ആലുവ: കീഴ്മാട് മുതിരക്കാട് കവലയിൽ രണ്ട് പതിറ്രാണ്ടോളം പഴക്കമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുനീക്കിയതിനെതിരെ പ്രതിഷേധം. പി.ഡബ്‌ളിയു.ഡി ഉദ്യോഗസ്ഥരാണ് ജെ.സി.ബി ഉപയോഗിച്ച് വെയിറ്റിംഗ് പൊളിച്ചുനീക്കിയത്.
ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രം സമീപത്തെ സ്ഥലയുടമയുടെ നിർദ്ദേശപ്രകാരമാണ് പൊളിച്ചതെന്നാണ് ആരോപണം. കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുമ്പോൾ പിന്നിലുള്ള സ്ഥലം കാടുപിടിച്ച് കിടക്കുകയായിരുന്നു. നിലവിൽ ഇവിടെ ഗേറ്റ് സ്ഥാപിക്കാനെന്ന പേരിലാണ് വിശ്രമകേന്ദ്രം പൊളിച്ചത്. കീഴ്മാട് സർക്കുലർ റോഡിലെ അനധികൃത കൈയേറ്റങ്ങൾക്കെതിരെ നിരവധി പരാതികൾ നൽകിയിട്ടും നടപടിയെടുക്കാത്ത പി.ഡബ്‌ളിയു.ഡി അധികൃതർ ബസ് കാത്തിരിപ്പ് കേന്ദ്രം മാത്രം പൊളിച്ചത് ദുരൂഹമാണെന്ന് ബി.ജെ.പി ആരോപിച്ചു.