മട്ടാഞ്ചേരി: റേഷൻ വിതരണം ചെയ്യുന്ന കരാറുകാർക്ക് നൽകാനുള്ള തുക കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ച് കരാറുകാർ സമരത്തിലേക്ക്. ഇതോടെ റേഷൻ വിതരണം സ്തംഭനാവസ്ഥയിലേക്ക് നീങ്ങും. നൂറ് കോടി രൂപയാണ് കരാറുകാർക്ക് കുടിശികയുണ്ടായിരുന്നത്. നവകേരള സദസ് നടക്കുന്ന വേളയിൽ കരാറുകാർ സമരത്തിലേക്ക് നീങ്ങിയതോടെ കുടിശിക നൽകാമെന്ന ഉറപ്പിൽ സമരത്തിൽ നിന്ന് കരാറുകാർ പിൻവാങ്ങിയിരുന്നു. എന്നാൽ നൂറ് കോടി കുടിശികയിൽ 14 കോടി മാത്രമാണ് കരാറുകാർക്ക് നൽകിയത്. ഇതോടെ തൊഴിലാളികൾക്ക് കൂലി നൽകുന്നതിനും പ്രതിസന്ധി നേരിട്ടതോടെയാണ് വീണ്ടും സമരത്തിലേക്ക് നീങ്ങാൻ കരാറുകാർ തീരുമാനിച്ചത്.

 റേഷൻ സാധനങ്ങളില്ല

നിലവിൽ പലയിടങ്ങളിലും റേഷൻ കടകളിൽ റേഷൻ ധാന്യങ്ങൾ ലഭിക്കാത്ത സാഹചര്യമുണ്ട്. കൊച്ചിയിൽ തന്നെ 114 റേഷൻ കടകളിൽ 74 റേഷൻ കടകളിൽ മാത്രമേ റേഷൻ സാധനങ്ങൾ എത്തിയിട്ടുള്ളൂ. അതും പകുതി മാത്രം. ഈ മാസത്തെ റേഷൻ വിതരണം തുടങ്ങിയിട്ടേയുള്ളൂ. ഇന്ന് എറണാകുളത്ത് കരാറുകാരുടെ യോഗം ചേർന്ന് സമര പ്രഖ്യാപനം നടത്തും. കുടിശിക ലഭിക്കാതെ പിടിച്ച് നിൽക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്ന് കരാറുകാർ പറയുന്നു.