കൊച്ചി: സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായി റാഫേൽ തട്ടിൽ അഭിഷിക്തനായി. സഭയുടെ ചരിത്രത്തിൽ ആദ്യമായി അതിരൂപതാ ആസ്ഥാന ദേവാലയത്തിന് പുറത്ത് സഭാ ആസ്ഥാനമായ കാക്കനാട്ടെ മൗണ്ട് സെന്റ് തോമസിലായിരുന്നു അഞ്ചു മണിക്കൂർ നീണ്ട സ്ഥാനാരോഹണ ചടങ്ങുകൾ.
ഉച്ചകഴിഞ്ഞ് 2.30 നാരംഭിച്ച ചടങ്ങുകൾ വൈകിട്ട് ഏഴോടെയാണ് അവസാനിച്ചത്. സിറോ മലബാർ സഭാ അഡ്മിനിസ്ട്രേറ്റർ കൂടിയായ കൂരിയ ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. ബിഷപ്പുമാരും രൂപതകളിൽ നിന്ന് ക്ഷണിക്കപ്പെട്ടവരും മാത്രമാണ് പങ്കെടുത്തത്.
ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ലിയോപോൾ ജിറെല്ലി, ഈസ്റ്റ് ഇന്ത്യ പാത്രിയാർക്കീസ് കർദ്ദിനാൾ ഫിലിപ്പ് നെരി അന്തോണിയോ സെബാസ്റ്റിയോവ, മുൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭാ തലവനും കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി ) പ്രസിഡന്റുമായ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവ, ലത്തീൻ കത്തോലിക്കാസഭയുടെ കണ്ണൂർ ബിഷപ്പ് അലക്സ് വടക്കുംതല, ചർച്ച് ഒഫ് ഈസ്റ്റ് തലവൻ ഔഗിൻ കുര്യാക്കോസ് മെത്രാപ്പൊലീത്ത, തൃശൂർ രൂപതാ ബിഷപ്പ് ആൻഡ്രൂസ് താഴത്ത്, കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല തുടങ്ങിയവർ പങ്കെടുത്തു.
അതിരൂപതയുടെ ആസ്ഥാനദേവാലയമായ എറണാകുളം സെന്റ് മേരീസ് ബസിലിക്ക കത്തീഡ്രലിൽ മേജർ ആർച്ച് ബിഷപ്പുമാർ അഭിഷിക്തരാവുകയാണ് പതിവ്. കുർബാന തർക്കത്തെ തുടർന്ന് കത്തീഡ്രൽ അടച്ചുപൂട്ടിയതിനാലാണ് സഭാ ആസ്ഥാനത്ത് സ്ഥാനാരോഹണം ഒരുക്കിയത്.
ഒന്നിച്ചു നീങ്ങണം: മേജർ ആർച്ച് ബിഷപ്പ്
അടിയുറച്ച ദൈവാശ്രയബോധത്തോടെ ഒന്നിച്ചുനീങ്ങാനുള്ള വിളിയാണ് തന്റെ നിയോഗമെന്ന് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ പറഞ്ഞു. സ്ഥാനാരോഹണത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒത്തിരിപ്പേരുടെ പ്രാർത്ഥനയുടെയും ത്യാഗങ്ങളുടെയും ഫലമായാണ് സഭയുടെ തലവനായി ദൈവം തന്നെ ഉയർത്തിയത്.
ദൈവഹിതപ്രകാരം മേജർ ആർച്ച് ബിഷപ്പായി തന്നെ തിരഞ്ഞെടുത്ത സിനഡ് ബിഷപ്പുമാർക്കും കൂരിയാ അംഗങ്ങൾക്കും വിശ്വാസികൾക്കും അദ്ദേഹം നന്ദി അറിയിച്ചു. മുൻഗാമിയായിരുന്ന കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ നേതൃശുശ്രൂഷ സഭ മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.