കൊച്ചി: കാത്തിരിപ്പിന് ഒടുവിൽ തമ്മനം- പുല്ലേപ്പടി റോഡിന്റെ അന്തിമരൂപരേഖ വരയ്ക്കുന്ന നടപടി ആരംഭിച്ചതായി അധികൃതർ. ഒരു മാസത്തെ സമയമെങ്കിലും ആവശ്യമായി വരും. ഇതിനുശേഷം അതിർത്തി കല്ലിടൽ ആരംഭിക്കുമെന്ന് കേരളാ റോഡ് ഫണ്ട് ബോർഡ് അറിയിച്ചു. പതിറ്റാണ്ടുകളായി പറയുന്ന തമ്മനം- പുല്ലേപ്പടി റോഡ് വികസനം കടലാസിൽ തന്നെയാണ്.
കോർപ്പറേഷൻ നൽകിയ അലൈൻമെന്റ് പ്രകാരമുള്ള പണികളാണ് ആസൂത്രണം ചെയ്യുന്നത്. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള റോഡ് നേരത്തേ പൊതുമരാമത്ത് വകുപ്പിന് കൈമാറിയിരുന്നുവെങ്കിലും പി.ഡബ്ളിയു. ഡി ഏറ്റെടുക്കുന്ന സർക്കാർ ഉത്തരവ് ഇറങ്ങിയിരുന്നില്ല. അത് ഇപ്പോൾ തയ്യാറായിട്ടുണ്ടെന്നാണ് വിവരം.
റോഡ് വികസനത്തിനായി ഭൂമിയേറ്റെടുക്കുന്നതിന് 93.89 കോടി രൂപയുടെ സാമ്പത്തികാനുമതി ലഭിച്ചിരുന്നു. സ്ഥലമേറ്റെടുക്കൽ നടപടികൾ ഇനി ആരംഭിക്കാം. പൂണിത്തുറ, എളംകുളം, എറണാകുളം, ഇടപ്പള്ളി സൗത്ത് എന്നീ വില്ലേജുകളിലായി 3.69 ഹെക്ടർ സ്ഥലം ഏറ്റെടുക്കുന്നതിനാണ് റവന്യൂ വകുപ്പ് ഉത്തരവ് ഇറക്കിയിത്.
കിഫ്ബി മാനദണ്ഡപ്രകാരം 22 മീറ്റർ വീതിയിലാണ് റോഡിന്റെ ഡിസൈൻ. എൻ.എച്ച് ബൈപ്പാസിൽ ചക്കരപ്പറമ്പ് മുതൽ എം.ജി. റോഡ് പത്മ ജംക്ഷൻ വരെ 3.68 കിലോമീറ്റർ ദൂരമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നാലുവരി പാത
12 മീറ്റർ വീതിയുള്ള റോഡ് 22 മീറ്റർ വീതിയിലാണ് നവീകരിക്കുന്നത്. നാലുവരി പാതയാണിത്. കോർപ്പറേഷൻ നൽകിയ അലൈൻമെന്റിൽ 22 മീറ്റർ വീതിയിൽ നിർമ്മാണം മാത്രമാണ് ഉണ്ടായിരുന്നത്. കേരള റോഡ് ഫണ്ട് ബോർഡ‌് ഇതിൽ ജംഗ്ഷൻ നവീകരണം, നടപ്പാത, മീഡിയനുകൾ, ഡ്രൈനേജ് എന്നിവയും ഒരുക്കുന്നുണ്ട്.
റോഡ്
ഇടപ്പള്ളി-അരൂർ ദേശീയപാതയിൽ ചളിക്കവട്ടത്ത് നിന്ന് തുടങ്ങി എം.ജി റോഡിലെ പത്മ ജംഗ്ഷനിൽ അവസാനിക്കുന്നതാണ് തമ്മനം പുല്ലേപ്പടി റോഡ്. 3.68 കിലോമീറ്റർ റോഡ് വികസിപ്പിച്ചാൽ എറണാകുളം നഗരത്തിലെ ഗതാഗതപ്രശ്‌നങ്ങൾക്ക് പരിഹാരമാകും. കോർപ്പറേഷന്റെ അധീനതയിലുള്ള റോഡ് വികസനം 30 മീറ്റർ വീതിയിൽ മൂന്ന് പതിറ്റാണ്ട് മുമ്പ് വിഭാവനം ചെയ്തതാണ്. ഇതിനായി നിർമ്മിച്ച പുല്ലേപ്പടി പാലം അപ്രോച്ച് റോഡില്ലാതെ പത്ത് വർഷം വെറുതേ കിടന്നു. എറണാകുളം, എളംകുളം, പൂണിത്തുറ വില്ലേജുകളിലാണ് റോഡ്.
തമ്മനം പുല്ലേപ്പടി റോഡ് പണികൾ വേഗത്തിലാക്കാനുള്ള നപടികളാണ് പുരോഗമിക്കുന്നത്. രൂപരേഖ തയ്യാറാക്കൽ പ്രധാനമാണ്.
കേരള റോഡ് ഫണ്ട് ബോർഡ്
അധികൃതർ