
കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ കെ.എസ്.യു പ്രവർത്തകർ ഷൂ എറിഞ്ഞതുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ മാദ്ധ്യമപ്രവർത്തക വി.ജി.വിനീതയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കുറുപ്പംപടി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിനീത സമർപ്പിച്ച ഹർജിയിൽ പൊലീസിന് നോട്ടീസയച്ചു. പത്ത് ദിവസത്തിനകം വിശദീകരണം നല്കാനും കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദ്ദേശിച്ചു.
ഡിസംബർ പത്തിന് വൈകിട്ടാണ് ഷൂ ഏറുണ്ടായത്. സംഭവത്തിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെ പൊലീസ് വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിരുന്നു. ഗൂഢാലോചനയിൽ പങ്കുണ്ടെന്നാരോപിച്ചാണ് വിനീതയെ പ്രതിചേർത്തത്.