c

കൊടുംഭീകരനായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ ജീവൻ പണയംവച്ചുള്ള കമാൻഡോ ഓപ്പറേഷനിലൂടെ പിടികൂടിയ പൊലീസ് വലിയൊരു ഭീകരാക്രമണ പദ്ധതിയിൽ നിന്നാണ് കേരളത്തെ രക്ഷിച്ചത്. മലപ്പുറം കത്തിമുതലുള്ള മാരകായുധങ്ങൾ കട്ടിലിനടിയിൽ ഒളിപ്പിച്ച് സുഖമായി ഉറങ്ങുകയായിരുന്ന യൂത്ത് നേതാവിനെ പുലർച്ചെ വീടുവളഞ്ഞ് പിടികൂടിയതിനാൽ വലിയൊരു ഏറ്റുമുട്ടൽ ഒഴിവായി. അടിയന്തരഘട്ടത്തിൽ ഹെലികോപ്ടർ വഴി വീടിനു മുകളിൽ പൊലീസുകാരെയും 'രക്ഷാപ്രവർത്തനത്തിന്" റെഡ് കമാൻഡോസിനെയും ഇറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഒന്നും വേണ്ടിവന്നില്ല. അല്പം ബുദ്ധി പ്രയോഗിച്ചാൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനാവുമെന്ന് തെളിയിച്ച കേരള പൊലീസിൽ നിന്ന് ഇന്ത്യൻ സൈന്യം പലതും പഠിക്കാനുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ എന്ന ജൂനിയർ രാഹുൽജി ഉണർന്നിരിക്കുമ്പോഴായിരുന്നു നടപടിയെങ്കിൽ വലിയ അപകടങ്ങൾ സംഭവിക്കുമായിരുന്നു. ഉറങ്ങിക്കിടന്നപ്പോൾ പതുങ്ങിച്ചെന്ന് പിടിച്ചതിനാൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കൈയൂക്കിലല്ല, പ്രായോഗികബുദ്ധിയിലാണ് കാര്യം. ലോകമെമ്പാടും രക്തരൂഷിതവിപ്ലവം നടത്തിയ ചരിത്രമുള്ള പാർട്ടിയുടെ സർക്കാർ, രക്തരഹിത നീക്കത്തിലൂടെ കാര്യങ്ങൾ ക്ലീനാക്കി.

വരട്ടുചൊറി മാന്തി വ്രണമാക്കുന്നതിൽ വിദഗ്ദ്ധരായ കേന്ദ്രസർക്കാർ ഇതെല്ലാം കണ്ട് സ്തബ്ധരായിരിക്കുകയാണെന്നാണ് വിവരം. കശ്മീരിലോ മണിപ്പൂരിലോ ഈ ബുദ്ധി പ്രയോഗിച്ചിരുന്നെങ്കിൽ എത്രയെത്ര വെടിയുണ്ടകൾ ലാഭിക്കാമായിരുന്നു- ഉണ്ടയും പോയി, കാശും പോയി!. ഇനിയുള്ള ഭീകരവിരുദ്ധ പോരാട്ടങ്ങളിൽ കേരള പൊലീസിന്റെ സഹായം തേടണമെന്ന് കേന്ദ്രത്തിനു ദഗ്‌ദ്ധോപദേശം കിട്ടിയെങ്കിലും നാണക്കേടാകുമെന്ന് ഭയന്ന് പഹയന്മാർ അനങ്ങുന്നില്ല.
കണ്ണൂരിലെ സുധാകരഗുരുക്കൾ കെ.പി.സി.സി പ്രസിഡന്റായ ശേഷമാണ് യൂത്തന്മാർ ഇത്രയും ഭീകരന്മാരായത്. പണ്ടൊക്കെ, കൊടുക്കുന്നത് വാങ്ങി മിണ്ടാതെ വീട്ടിൽ പോയിരുന്നവർ കൃത്യമായി തിരിച്ചുതരാൻ തുടങ്ങി. റെഡ് വൊളന്റിയർമാരായ 'രക്ഷാപ്രവർത്തകരെ" വരെ ആക്രമിക്കുന്ന സ്ഥിതിയായി. ഗുരുക്കളുടെ പ്രിയശിഷ്യനായ കൊച്ചുരാഹുലൻ പാവമാണെന്നു തോന്നുമെങ്കിലും സകല അടവുകളും പഠിച്ച വിരുതനാണ്. യൂത്തന്മാരെ ചില മുറകൾ പഠിപ്പിച്ച് കൊച്ചുസഖാക്കളെ അടിച്ചമർത്താനാണ് ഗുരുവിന്റെയും ശിഷ്യന്റെയും പ്ലാൻ. നവകേരളവണ്ടിയെന്ന ചലിക്കുന്ന മന്ത്രിസഭയെ ചാവേറുകളെ അയച്ച് ഇല്ലായ്മ ചെയ്യാനുള്ള ശ്രമം കേരളത്തിലെ ജനങ്ങൾ ടി.വിയിൽ കണ്ടതാണ്.

ഒരു പോറൽപോലും ഏല്പിക്കാതെ ചാവേറുകളെ വണ്ടിയുടെ മുന്നിൽ നിന്നു റെഡ് വോളന്റിയർമാർ രക്ഷിച്ചതിൽ പ്രതിഷേധിച്ച് രാഹുലന്റെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റ് ആക്രമിച്ചാൽ പൊലീസിന് അടങ്ങിയിരിക്കാനാവില്ല. മാങ്കൂട്ടത്തിൽജിയെ അറസ്റ്റ് ചെയ്‌തെന്നു പറഞ്ഞ് യൂത്തന്മാർ അലമ്പുണ്ടാക്കിയാൽ ചുട്ടയടിയും ഇടിയും കൊടുത്ത് മര്യാദ പഠിപ്പിക്കാനാണ് കൊച്ചുസഖാക്കന്മാരുടെ തീരുമാനം. പൊതുമുതൽ നശിപ്പിക്കുകയും കല്ലെറിയുകയും ചെയ്താൽ പൊലീസ് അറസ്റ്റ് ചെയ്യുന്നതും കോടതി റിമാൻഡ് ചെയ്യുന്നതും നാട്ടുനടപ്പാണ്. ഈ നിസാര സംഗതിയെയാണ് കോൺഗ്രസുകാർ ഊതിപ്പെരുപ്പിച്ച് വലിയ സംഭവമാക്കുന്നത്.

സുധാകര ഗുരുക്കൾ സ്ഥലത്തില്ലാത്തതിനാൽ പ്രതിപക്ഷ നേതാവും കുരുട്ടുബുദ്ധിയുടെ ആശാനുമായ സതീശനാണ് പിള്ളേരെ ഇളക്കിവിടുന്നത്. ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാൻ ശ്രമിച്ചാൽ സതീശനെയും വെറുതേ വിടില്ല.

പൊലീസിന് ഒരുപാട് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാൽ ചില ചുമതലകൾ റെഡ് വോളന്റിയർമാർക്ക് നല്കിയിരിക്കുകയാണ്. പൊലീസുകാർ മനുഷ്യരാണെന്നും അവരെ എപ്പോഴും അക്രമികളുടെ തല്ലുകൊള്ളിക്കരുതെന്നും പാർട്ടിക്കു നിർബന്ധമുണ്ട്.

യൂത്ത് രാഹുലൻ ഒറ്റരാത്രികൊണ്ട് താരമായതിനാൽ തലനരച്ച ഖദറുകാർക്കടക്കം ലേശം വിഷമമുണ്ട്. രാഹുലന് രാഹുർദശയല്ല, ശുക്രദശയാണെന്ന് വ്യക്തമായി. ഡൽഹിയിൽ നിന്ന് രാഹുൽജി നേരിട്ടുവിളിച്ചാണ് കാര്യങ്ങൾ അന്വേഷിക്കുന്നത്. ഹോ, ലോട്ടറി വരുന്ന വഴി!മാങ്കൂട്ടത്തിൽജിയെ അറസ്റ്റ് ചെയ്തതറിഞ്ഞ് ഓടിയെത്തി,​ പൊലീസ് വാഹനം തടസപ്പെടുത്തി റോഡിൽ കിടന്ന വിദ്വാനും ചില്ലറക്കാരനല്ല. ഷർട്ടിൽ ഇത്തിരി ചെളി പുരണ്ടെങ്കിലും സംഗതി ഏറ്റു.

കുത്സിത നീക്കത്തിന്

പിന്നിൽ ബി.ജെ.പി!

കോൺഗ്രസുകാരുടെ കുത്സിതപ്രവർത്തനങ്ങൾക്ക് കെ. സുരേന്ദ്രനടക്കമുള്ള ബി.ജെ.പിക്കാരുടെ സഹായമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് സർക്കാരിന് കിട്ടിയിട്ടുണ്ട്. കേന്ദ്രമന്ത്രിയുടെ പണി ചെയ്യാതെ കേരളസർക്കാരിനെതിരെ തുരപ്പൻപണി നടത്തുന്ന ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് വി.മുരളീധരൻ. പരിവാർ ഭീകരന്മാരുടെ വടിപ്രയോഗങ്ങളിൽ ചിലത് യൂത്തന്മാർ പഠിച്ചിട്ടുണ്ടെന്നാണ് അടികൊണ്ട പൊലീസുകാർ പറഞ്ഞത്. ഈ പോക്കുപോയാൽ വൈകാതെ മറ്റുപല ആയുധങ്ങളും പ്രയോഗിച്ചേക്കാം.

സമാധാനപരമായി സമരം ചെയ്യാൻ കോൺഗ്രസുകാർ ഇനിയെങ്കിലും പഠിക്കണം. യു.ഡി.എഫ് ഭരണകാലത്ത് നിയമസഭയിൽ പ്രതിപക്ഷത്തെ ആക്രമിക്കാൻ കോൺഗ്രസ്-കേരളകോൺഗ്രസ് ഗുണ്ടകൾ ശ്രമിച്ചപ്പോൾ എത്ര പക്വതയോടെയാണ് കമ്മ്യൂണിസ്റ്റുകാർ കൈകാര്യം ചെയ്തത്. എങ്ങനെയോ, സ്പീക്കറുടെ കസേര ഒടിയുകയും മേശ മറിയുകയും മൈക്ക് പറിഞ്ഞുപോവുകയും ചെയ്തപ്പോൾ ശിവൻകുട്ടി സഖാവ് പഴയ എസ്.എഫ്.ഐ സ്റ്റൈലിൽ ഡൈവ് ചെയ്‌തെത്തി അപകടമൊഴിവാക്കുകയായിരുന്നു. പ്രായം മറന്നുള്ള സാഹസമായിരുന്നതിനാൽ സഖാവിന് ബോധക്ഷയം സംഭവിക്കുകയും സ്പീക്കറുടെ ഡയസിൽ നിന്ന് വീണ് ഏതാനും കസേരകൾ ഒടിയുകയും ചെയ്തു.

മൊഞ്ചുള്ള

സത്യങ്ങൾ

കമ്മ്യൂണിസ്റ്റുകാരിലെ നന്മ തിരിച്ചറിയാൻ കോൺഗ്രസുകാർക്ക് കഴിയുന്നില്ലെങ്കിലും പഠിപ്പും വിവരവും ലോകപരിചയവുമുള്ള ലീഗുകാർ എല്ലാമറിയുന്നു. പുറമേ പരുക്കന്മാരാണെങ്കിലും സഖാക്കൾ പാവമാണെന്ന് കുഞ്ഞാലിക്കുട്ടി സഖാവ് ഉൾപ്പെടെ പറഞ്ഞിട്ടുണ്ട്. പാണക്കാട്ടെ സഖാക്കൾ ഒന്നും വെട്ടിത്തുറന്ന് പറയില്ലെങ്കിലും മനസിലുള്ളതെന്താണെന്ന് പാർട്ടിക്കാർക്ക് അറിയാം. അറുപതുകളിൽ ഇടതന്മാരും ലീഗുകാരും ചങ്കൻമാരായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി സഖാവ് പറഞ്ഞപ്പോൾ കണിശക്കാരനായ ഇ.ടി.മുഹമ്മദ് ബഷീർ സാഹിബിന്റെപോലും കണ്ണു നിറഞ്ഞുതുളുമ്പിയത്രേ. മലബാറിൽ ലീഗിനെതിരെ നീക്കങ്ങളുണ്ടായപ്പോൾ പ്രതിരോധിക്കാൻ കമ്മ്യൂണിസ്റ്റുകാർ മാത്രമാണ് ഉണ്ടായിരുന്നതെന്ന് യൂത്ത് ലീഗുകാർക്ക് അറിയില്ലെങ്കിലും മൂത്തലീഗുകാർക്ക് അറിയാം.

സഖാക്കളുടെ സമ്മേളനങ്ങളിൽ പോത്ത് ബിരിയാണിയും അയക്കൂറ ബിരിയാണിയും വിളമ്പിത്തുടങ്ങിയതും വലിയ മാറ്റമാണ്. കണ്ണൂരിലെ സഖാക്കൾ ബിരിയാണിയുണ്ടാക്കുന്നതിൽ മാത്രമല്ല, കുഴിമന്തിയിലും ഉസ്താദുമാരാണ്. കേരളത്തിലെ രാഷ്ട്രീയ ചർച്ചകളിൽ ബിരിയാണിയുടെ പ്രധാന്യം അവർ തിരിച്ചറിയുന്നു. യു.ഡി.എഫ് യോഗങ്ങളിൽ ചിക്കൻ ബിരിയാണി വിളമ്പുന്നുണ്ടെങ്കിലും പഴയ ഗുമ്മില്ല. ചണ്ടിക്കോഴിയെ വാങ്ങി മസാലകൂട്ടി ബിരിയാണിയിലേക്കു തട്ടിയാൽ മനസിലാകില്ലെന്നാണ് പഹയന്മാരുടെ വിചാരം.

വേദനകൾ കടിച്ചമർത്തി യു.ഡി.എഫിൽ തുടരുന്ന ലീഗിനെ രക്ഷാപ്രവർത്തനം നടത്തി എൽ.ഡി.എഫിൽ എത്തിക്കണമെന്ന് സഖാക്കൾക്ക് ആഗ്രഹമുണ്ടെങ്കിലും കുറച്ചുകൂടി കാത്തിരിക്കൂ എന്നാണത്രേ മറുപടി. സ്‌നേഹം കൂടിക്കൂടി എവിടംവരെ എത്തുമെന്ന് അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന 2026 ആകുമ്പോഴേക്കും അറിയാം.

കേന്ദ്രത്തിൽ അധികാരം കിട്ടുമെന്നു പ്രതീക്ഷിച്ച് ലോക്‌സഭയിലേക്ക് മത്സരിച്ചു ജയിക്കുകയും അതു കിട്ടാതെ വരുമ്പോൾ കാലാവധി തികയാൻ കാത്തുനില്ക്കാതെ സംസ്ഥാഭരണത്തിലെത്താൻ വഴിതേടുകയും ചെയ്യുന്ന നേതാക്കളുടെ പാർട്ടിയല്ല ലീഗെന്ന് എല്ലാവർക്കും അറിയാം. ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിൽ ഒരുപാട് വികസനകാര്യങ്ങൾ ചെയ്യാനുള്ളതിനാൽ ഡൽഹിയിലോട്ടു പോവാൻ ലീഗ് നേതാക്കൾക്കു താത്പര്യമില്ല. കൊച്ചുകേരളം കഴിഞ്ഞേയുള്ളൂ വലിയഇന്ത്യ. കേരളത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച് മലബാറിന്റെ വികസനം ഉറപ്പുവരുത്തണമെന്നാണ് ആഗ്രഹം. ലീഗ് ജയിക്കുകയും യു.ഡി.എഫ് തോല്ക്കുകയും ചെയ്യുന്ന സാഹചര്യം ഇനിയുമുണ്ടായാൽ കേരളത്തിലെ ജനങ്ങൾസഹിക്കില്ല. അതുകൊണ്ട് മുന്നണി ഏതായാലും പ്രശ്‌നമല്ല, വികസനമാണ് പ്രധാനം. പരമാവധി വികസിക്കണമെങ്കിൽ മന്ത്രിമാരുടെ എണ്ണം കൂടണം, നല്ല വകുപ്പുകൾ കിട്ടണം.