township

 ഏപ്രിലിൽ പൂർവ വിദ്യാർത്ഥി സംഗമം

 1000 പേർ പങ്കെടുക്കും

കൊച്ചി: ഗൃഹാതുര സ്മരണകൾ തുളുമ്പുന്ന പൂർവ വിദ്യാർത്ഥി സംഗമകളിലെ സൂപ്പർ സംഗമമൊരുക്കാൻ ഫാക്ട് ടൗൺ ഷിപ്പ് സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ. ഫാക്ടിന്റെ സുവർണകാലത്ത് ജീവനക്കാരായെത്തിയ അന്യസംസ്ഥാനക്കാർ ഉൾപ്പെടെയുള്ളവരുടെ മക്കൾ ബാല്യവും കൗമാരവും പിന്നിട്ടതാണിവിടെ. ഒരുകാലത്ത് രാജകീയ പ്രൗഢിയോടെ വിലസിയ സ്കൂളുകൾ ഫാക്ടിന്റെ നഷ്ടപ്രതാപത്തിനൊപ്പം മങ്ങിപ്പോയെങ്കിലും വിദ്യാർത്ഥികളുടെ സ്മരണകളിൽ തിളങ്ങുന്ന ഓർമ്മകളാണ്.

പതിനായിരത്തിൽപരം പൂർവ വിദ്യാർത്ഥികൾ ഒത്തുചേരുന്ന "സ്മൃതിപർവ്വം" പരിപാടി ഏപ്രിൽ 20, 21 തീയതികളിൽ സ്കൂൾ അങ്കണത്തിൽ നടക്കും. വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ളവർ അന്ന് ഒഴുകിയെത്തും. പൂർവവിദ്യാർത്ഥി സംഗമങ്ങളിൽ അസാധാരണമായ സംഗമായി ഈ ചടങ്ങ് മാറുമെന്നാണ് സംഘാടകരായ ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂൾ അലുമ്നി അസോസിയേഷന്റെ അവകാശവാദം. പതിമൂന്നോളം വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ച് കഴിഞ്ഞ നവംബർ മുതൽ പ്രവർത്തനം തുടങ്ങി കഴിഞ്ഞു.
ഏപ്രിൽ 20ന് രാവിലെ 9 ന് എം.കെ.കെ.നായരുടെ പ്രതിമയിൽ പുഷ്പാർച്ചനയോടെയാണ് തുടക്കം. നീലയും വെള്ളയും ചേർന്ന പഴയ കാല സ്കൂൾ യൂണിഫോം അണിഞ്ഞാണ് എല്ലാവരും എത്തുക. മുൻ അദ്ധാപകരും അനദ്ധ്യാപകരും പങ്കെടുക്കും.

പ്രമുഖ ബുക്ക്സ്റ്റാളുകൾ, ഫുഡ് സ്റ്റാളുകൾ, എന്നിവയും ഉണ്ടാകും.

സ്മൃതി പർവ്വത്തിൽ പങ്കെടുക്കാനും അലുമ്നി അംഗത്വത്തിനും രജിസ്ട്രേഷൻ നടന്നു വരുന്നതായ് അലുമ്നി അസോസിയേഷൻ പ്രസിഡന്റും ജി.സി.ഡി.എ ചെയർമാനുമായ കെ. ചന്ദ്രൻ പിള്ളയും ജനറൽ സെക്രട്ടറി പി.എസ്. അനിരുദ്ധനും പറഞ്ഞു. വിവരങ്ങൾക്ക്: 9446677000, 989411354

സെലിബ്രിറ്റികളുടെയും സംഗമം

ഫാക്ട് സ്കൂൾ പൂർവ്വ വിദ്യാർത്ഥികളിൽ ദേശീയ സ്പോർട്ട് താരങ്ങളും കലാ, സാംസ്കാരിക, രാഷ്ട്രീയ, സിനിമാ രംഗങ്ങളിലെ സെലിബ്രിറ്റികളും ഉൾപ്പെടുന്നുണ്ട്. മുൻ ദേശീയ താരങ്ങളും അണിനിരക്കുന്ന കായിക വിനോദങ്ങൾ, വെള്ളിത്തിരയുടെ മുന്നിലും പിന്നിലും പ്രശസ്തരായ സംവിധായകർ മെക്കാർട്ടിൻ, നാദിർഷ, ചമയ കലാകാരന്മാരായ പട്ടണം റഷീദ്, പട്ടണം ഷാ, സ്വപ്നാടനം, ഉത്തരായണം സിനിമകളിലെ നായകനായിരുന്ന ഡോ.മോഹൻദാസ്, സത്താർ ആദ്യ നായകനായ അനാവരണത്തിലെ നായിക ഷൈലജ, ട്വന്റി വൺ ഗ്രാംസിലെ ഉപനായകൻ വിവേക് അനിരുദ്ധ്, നടനും പ്രൊഡക്ഷൻ കൺട്രോളറുമായ നന്ദു പൊതുവാൾ, ശശി പൊതുവാൾ, ഏലൂർ ജോർജ്, ചലച്ചിത്ര പിന്നണി ഗായകരായ ബാലഗോപാലൻ തമ്പി , ലേഖ ആർ. നായർ, സംഗീത വർമ്മ , കഥകളി ആർട്ടിസ്റ്റുകളായ രഞ്ജിനി സുരേഷ്, ബിജു ഭാസ്കർ, ഗിത്താറിസ്റ്റ് ജോയ്, തബലിസ്റ്റ് പവിത്രൻ, പ്രശസ്ത എഴുത്തുകാരൻ ആനന്ദ് നീലകണ്ഠൻ തുടങ്ങിയവർ പൂർവ വിദ്യാർത്ഥികളിലെ പ്രമുഖരാണ്. ഇവരെല്ലാം രണ്ടു ദിവസങ്ങളിലെ ചടങ്ങുകളിലും കലാപരിപാടികളിലും പങ്കെടുക്കും.