
കൊച്ചി: ബി.എസ്.എൻ.എൽ ലാൻഡ്ഫോണുകൾ മാർച്ചിനകം ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്കിലേക്ക് മാറും. ജൂണിൽ എറണാകുളം ബിസിനസ് ഏരിയയിൽ കോപ്പർവയർ കണക്ഷനുകൾ പൂർണമായും ഇല്ലാതാകും. ബി.എസ്.എൻ.എലിന്റെ നിലവിലുള്ള ഉപഭോക്താക്കളെ ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്കിലേക്ക് മാറ്റുന്ന നടപടികൾ ആരംഭിച്ചു.
നിരക്കുകളൊന്നും വാങ്ങാതെയാണ് നടപടി. ഒപ്റ്റിക്കൽ ഫൈബറിലേക്ക് മാറിയാൽ ഗ്രാമപ്രദേശങ്ങളിൽ മിനിമം പ്ലാൻ നിരക്ക് പ്രതിമാസം 249 രൂപയും നഗരപ്രദേശങ്ങളിൽ 299 രൂപയുമായിരിക്കും.
പദ്ധതിയെക്കുറിച്ച് ബോധവത്കരിക്കുന്നതിനും സമ്മതം വാങ്ങുന്നതിനുമായി ഉപഭോക്താക്കളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിലവിൽ 10000 ഓളം പേരുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ഇതിൽ 60 ശതമാനം ആളുകളുമിതിന് സമ്മതം അറിയിച്ചിട്ടുണ്ട്. 10 ശതമാനം പേർ മാത്രമാണ് തയ്യാറാകാത്തത്. ബാക്കി 30 ശതമാനം സ്ഥാപനങ്ങളാണ്. 75 ശതമാനം ഗുണഭോക്താക്കളും പദ്ധതിയുടെ ഭാഗമാകുമെന്നാണ് വിശ്വാസമെന്ന് അധികൃതർ പറഞ്ഞു. ഈ മാസത്തോടെ ബി.എസ്.എൻ.എൽ എഫ്.ടി.ടി.എച്ച് പാർട്ണേഴ്സുമായി സഹകരിച്ച് മൈഗ്രേഷൻ പ്രക്രിയ ആരംഭിക്കും. ഈ സാമ്പത്തിക വർഷം 26000 കണക്ഷനുകൾ കൂടി നൽകാനാണ് തീരുമാനം. ഇതോടെ ഒരുലക്ഷം കണക്ഷനുകൾ എന്ന ലക്ഷ്യത്തിലെത്തും.
ബിസിനസ് ഏരിയയിൽ ഒന്നാമത്
എറണാകുളം, ഇടുക്കി, ലക്ഷദ്വീപ് എന്നീ ഭാഗങ്ങൾ ഉൾപ്പെടുന്നതാണ് എറണാകുളം ബിസിനസ് ഏരിയ. ബി.സി.എൻ.എല്ലിന്റെ മുൻനിര സർക്കിളുകളിൽ ഏറ്റവും പ്രധാനപ്പെട്ട ബിസിനസ് ഏരിയയാണ് എറണാകുളം. വരുമാനത്തിലടക്കം രാജ്യത്ത് മൂന്നാം സ്ഥാനമുണ്ട്. 74000 ഫെബർ ലൈനുകളാണ് ഇവിടെയുള്ളത്. 50000 കോപ്പർലൈൻ കണക്ഷനുകളും നിലവിലുണ്ട്.
ഫ്രാഞ്ചൈസികൾ
ബി.എസ്.എൻ.എലിന് ആലുവ, മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ തുടങ്ങിയ പ്രദേശങ്ങളിൽ നിലവിൽ എക്സ്ക്ലൂസീവ് ഫ്രാഞ്ചാസികളില്ല. ഇവിടേക്ക് ഫ്രാഞ്ചൈസികളെ എടുക്കും. ഗ്രാമപഞ്ചായത്തിൽ എക്സ്ക്ലൂസീവ് ഫ്രാഞ്ചൈസികൾക്ക് ഉദ്യാമി സ്കീം പ്രകാരം രജിസ്റ്റർ ചെയ്യാനും ഉപഭോക്താക്കൾക്ക് കണക്ഷനുകൾ യു.എസ്.ഒ.എഫ് ഫണ്ടിംഗ് മുഖാന്തരം പ്രാരംഭ നിരക്കുകൾ ഒന്നുമില്ലാതെ നൽകാനും സാധിക്കും. ഫ്രാഞ്ചൈാസികൾ എടുക്കാൻ താത്പര്യമുള്ളവർ 9400488111 എന്ന വാട്സാപ് നമ്പറിൽ ബന്ധപ്പെടണം.
ലക്ഷദ്വീപിൽ ടൂറിസം സാദ്ധ്യത
ലക്ഷദ്വീപിലെ സബ്മറൈൻ ഒപ്റ്റിക്കൽ ഫൈബർ കണക്ഷൻ ടൂറിസത്തെ വലിയ രീതിയിൽ സ്വാധീനിക്കും. സബ്മറൈൻ ഫൈബറുകൾ സ്ഥാപിച്ചതോടെ ലക്ഷദ്വീപിലെ മൊബൈൽ ഇന്റർനെറ്റ് സേവനം സാറ്റ്ലൈറ്റിൽ നിന്ന് പൂർണമായും ഫൈബറിലേക്കു മാറി. ഇതോടെ കരഭാഗത്തു ലഭിക്കുന്ന അതേ വേഗത്തിൽ ഇന്റർനെറ്റ് ദ്വീപിൽ ലഭിക്കും. വിനോദസഞ്ചാര പ്രോജക്ടുകൾ നടപ്പാക്കുന്ന ബംഗാരം ഉൾപ്പെടെയുള്ള ദ്വീപുകളിൽ അതിവേഗ നെറ്റ്‌വർക്ക് ഗുണം ചെയ്യും.
ഡിപ്പാർട്‌മെന്റ് ഒഫ് ടെലികോമിന്റെ യൂണിവേഴ്‌സൽ സർവീസ് ഒബ്ലിഗേഷൻ (യു.എസ്.ഒ) ഫണ്ട് വഴിയുള്ള 1,150 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നതു ബി.എസ്.എൻ.എലാണ്.
ബി.എസ്.എൻ.എൽ 4ജി വന്നാൽ മറ്റ് സർവീസ് ദാതാക്കളുമായി മത്സരിക്കാൻ കഴിയും. 5 ജിയും പ്രതീക്ഷിക്കാം. ഹൈറേഞ്ച് ഏരികളിൽ നെറ്റ് വർക്ക് തകാരാറുകൾ പരിഹരിക്കുന്നതിന് പല സെറ്റിൽമെന്റ് പ്രദേശങ്ങളിലും ടവറുകൾ സ്ഥാപിക്കും.
വി. സുരേന്ദ്രൻ
പ്രിൻസിപ്പൽ ജനറൽ മാനേജർ
ബി.എസ്.എൻ.എൽ
എറണാകുളം