കൊച്ചി: പെരുമ്പാവൂരിലെ നവകേരള സദസിൽ ലഭിച്ച പരാതി അതിവേഗം പരിഹരിച്ച് മോട്ടോർ വാഹന വകുപ്പ്. സ്ത്രീകളുടെയും അന്യസംസ്ഥാന തൊഴിലാളികളുടെയും പക്കൽ നിന്ന് പെരുമ്പാവൂരിലെ ഏതാനും ചില ഓട്ടോറിക്ഷകൾ അമിത ചാർജ് ഈടാക്കുന്നതായി വീട്ടമ്മ നൽകിയ പരാതിയാണ് ജോയിന്റ് ആർ.ടി ഓഫീസ് അധികൃതർ പരിഹരിച്ചത്. വകുപ്പ് ഉദ്യോഗസ്ഥർ നഗരത്തിലെ മുഴുവൻ സ്റ്റാൻഡുകളിലും പരിശോധന നടത്തി. സ്​റ്റാൻഡുകൾ കേന്ദ്രീകരിച്ച് ഓടുന്ന ഓട്ടോറിക്ഷകൾക്കെല്ലാം ഫെയർമീ​റ്റർ ഉള്ളതായും കാര്യക്ഷമമായി പ്രവർത്തിക്കുന്നതായും കണ്ടെത്തി. നഗരത്തിൽ ചു​റ്റിക്കറങ്ങി ഓടുന്ന ചുരുക്കം ചില ഓട്ടോറിക്ഷകളിൽ ഫെയർമീ​റ്റർ ഇല്ലാത്തതടക്കമുള്ള ക്രമക്കേടുകൾ കണ്ടെത്തി. അഞ്ച് ഓട്ടോറിക്ഷകൾക്കെതിരെ കേസെടുത്തു. തുടർന്നും പരിശോധന കർശനമാക്കുമെന്ന് ജോയിന്റ് ആർ.ടി.ഒ എസ്. അരവിന്ദൻ അറിയിച്ചു. പരിശോധനയ്ക്ക് എ.എം.വി.ഐമാരായ എസ്.ഷിബു, പി.ടി. അയ്യപ്പദാസ് എന്നിവർ നേതൃത്വം നൽകി.