ആലുവ: പൈപ്പ്‌ലൈൻ റോഡിൽ ഇന്റർലോക്ക് ടൈൽ വിരിച്ചതോടെ അപകട മേഖലയായിമാറിയ ഇരുവശത്തും മണ്ണിട്ട് നികത്താൻ തുടങ്ങി. ഇന്നലെ രാവിലെ മുതൽ വാട്ടർ അതോറിട്ടിക്ക് മുന്നിലെ റോഡിന് അരികിൽ മണ്ണിടൽ ആരംഭിച്ചു. റോഡ് നവീകരണത്തിന്റെ അപാകത ചൂണ്ടിക്കാട്ടി കേരളകൗമുദിയാണ് ആദ്യം വാർത്ത പ്രസിദ്ധീകരിച്ചത്. പിന്നാലെ സി.പി.എം ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.
ഇരുവശത്തും മണ്ണിടുന്നതോടെ റോഡിന്റെ അപാകതയ്ക്ക് താത്കാലിക പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ടൈൽ വിരിച്ചു കഴിഞ്ഞപ്പോൾ പലയിടത്തും റോഡിൽ നിന്ന് രണ്ടടി വരെ ഉയരമാണുണ്ടായത്. ഇത് പരിഹരിക്കാൻ കുത്തനെ ചെരിച്ച് സിമന്റ് ചെയ്തത് കൂടുതൽ അപകടകരമായ അവസ്ഥ സൃഷ്ടിച്ചു. വിശാല കൊച്ചിയിലേക്ക് കുടിവെള്ളം എത്തിക്കുന്ന ഭീമൻ പൈപ്പുകളാണ് പൈപ്പ്‌ലൈൻ റോഡിന് അടിയിലുള്ളത്. അതിനാൽ വലിയ വാഹനങ്ങൾ പോകാതിരിക്കാൻ റോഡിന് മൂന്ന് മീറ്ററിൽ കൂടുതൽ വീതി പാടില്ലെന്നാണ് വാട്ടർ അതോറിട്ടി നിർദ്ദേശം. റോഡ് കടന്നുപോകുന്ന പലയിടത്തും കാനകൾക്ക് സ്ലാബുകളുമില്ല. ഇരുചക്രവാഹനം നിയന്ത്രണംതെറ്റി വീണാൽ യാത്രക്കാരുടെ ജീവൻ നഷ്ടപ്പെടാനുള്ള സാദ്ധ്യത വരെയുണ്ട്. ആലുവ നഗരസഭാ പരിധിയിൽ വരുന്ന പൈപ്പ്‌ലൈൻ റോഡിൽ വാട്ടർ അതോറിട്ടി ഓഫീസ് മുതൽ നിർമ്മല സ്കൂൾ വരെയുള്ള മേഖലയിലാണ് ഇന്റർലോക്ക് പാത നിർമ്മിക്കുന്നത്. ഇതിൽ വാട്ടർ അതോറിറ്റി ഓഫീസ് മുതൽ ഐ.എം.എ വരെ ആദ്യഘട്ടം പൂർത്തിയായി. അവശേഷിക്കുന്ന മേഖലയിൽ ടൈൽ വിരിക്കൽ പുരോഗമിക്കുകയാണ്. അൻവർ സാദത്ത് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 1.193 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കുന്നത്.