p

കൊച്ചി: കെ.എസ്.ഇ.ബി ഇലക്ട്രിസിറ്റി ഡ്യൂട്ടിയായി ഈടാക്കുന്ന തുക പെൻഷൻ ഫണ്ടായ മാസ്റ്റർട്രസ്റ്റിലേക്ക് അടയ്ക്കാതെ സർക്കാരിലേക്ക് നേരിട്ട് അടയ്ക്കണമെന്ന ഉത്തരവിനനുവദിച്ച സ്റ്റേ ഹൈക്കോടതി ഒരുമാസംകൂടി നീട്ടി. നവംബർ ഒന്നിലെ സർക്കാർ ഉത്തരവിനെതിരെ കെ.എസ്.ഇ.ബി പെൻഷണേഴ്‌സ് കൂട്ടായ്‌മ നല്കിയ ഹർജിയിൽ ജസ്റ്റിസ് എൻ. നഗരേഷാണ് സ്റ്റേ കാലാവധി നീട്ടിയത്.

വൈദ്യുതി ബോർഡിനെ കമ്പനിയാക്കിയ സമയത്തെ പെൻഷൻ ബാദ്ധ്യതയായ 12,419കോടി രൂപയ്ക്കുവേണ്ടി പത്തു വർഷത്തേക്ക് ഇലക്ട്രിസിറ്റി ഡ്യൂട്ടി (ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്ന നികുതി) പെൻഷൻ ഫണ്ടായ മാസ്റ്റർട്രസ്റ്റിലേക്ക് അടയ്ക്കാൻ കെ.എസ്.ഇ.ബിക്ക് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. 2023 ഒക്ടോബർ 31ന് കാലാവധി പൂർത്തിയായതോടെയാണ് തുക നേരിട്ട് സർക്കാരിലേക്ക് അടയ്ക്കാൻ ഉത്തരവിറക്കിയത്. ഈ ഉത്തരവ് പെൻഷൻ ഫണ്ടിന്റെ പ്രവർത്തനം സ്‌തംഭിക്കാനിടയാക്കുമെന്നും സർക്കാരിന്റെ നടപടി കരാർലംഘനമാണെന്നും ഹർജിക്കാർ ആരോപിക്കുന്നു.