
കൊച്ചി: ഡിസംബർ 11ന് തിരുവനന്തപുരം പാളയത്ത് ഗവർണറെ തടയുകയും കരിങ്കൊടി കാണിക്കുകയും ചെയ്ത എസ്.എഫ്.ഐ പ്രവർത്തകർക്ക് കർശന ഉപാധികളോടെ ജാമ്യം. കക്ഷികളായ വിദ്യാർത്ഥികൾ സ്ഥിരമായി ക്ലാസിലെത്തണമെന്ന് ജസ്റ്റിസ് സി.എസ്.ഡയസ് നിർദ്ദേശിച്ചു. രക്ഷിതാക്കളുടെ നിർദ്ദേശാനുസരണം കൗൺസലിംഗ് ക്ലാസുകളിൽ പങ്കെടുക്കണം. കൗൺസലിംഗ് അടക്കമുള്ള കാര്യങ്ങളിൽ മാതാപിതാക്കൾക്ക് ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെ സഹായം തേടാമെന്നും ഉത്തരവിൽ പറയുന്നു.
വിദ്യാഭ്യാസമാണ് പട്ടിണിയോടും അവഗണനയോടും പടവെട്ടാനുള്ള മികച്ച ആയുധമെന്ന നൊബേൽ ജേതാവ് മലാല യൂസഫ്സായുടെ വാക്കുകൾ ഉദ്ധരിച്ച കോടതി വിദ്യാർത്ഥികൾ ക്രിമിനൽ പ്രവർത്തനത്തിന് ഇറങ്ങുമ്പോൾ ഈ ആയുധത്തിന്റെ മൂർച്ച പോവുകയാണെന്ന് പറഞ്ഞു. വിദ്യാർത്ഥികളുടെ രക്ഷിതാക്കളുമായി സംസാരിച്ചശേഷമാണ് വിധി.
ഒന്നുമുതൽ ഏഴുവരെ പ്രതികളായ യദുകൃഷ്ണൻ, ആഷിക് പ്രദീപ്, ആർ.ജി.ആശിഷ്, ദിലീപ്, റയാൻ, അമൻ ഗഫൂർ, റിനോ സ്റ്റീഫൻ എന്നിവർക്കാണ് ജാമ്യം നല്കിയത്. ഇവർ 76,357 രൂപ തിരുവനന്തപുരം കോടതിയിൽ കെട്ടിവയ്ക്കണം. രണ്ടുമാസത്തേക്കോ അന്തിമ അന്വേഷണറിപ്പോർട്ട് സമർപ്പിക്കും വരെയോ ശനിയാഴ്ചകളിൽ രാവിലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും നിർദ്ദേശിച്ചു.