
കൊച്ചി: കെ -ഫോൺ പദ്ധതിക്ക് കരാറും ഉപകരാറുകളും അനുവദിച്ചതിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഹൈക്കോടതിയിൽ ഹർജി നല്കി. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെടുന്ന ഹർജി ചീഫ് ജസ്റ്റിസ് എ.ജെ. ദേശായ് അദ്ധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.
കരാറുകൾ അനുവദിച്ചത് സർക്കാരിനെ നിയന്ത്രിക്കുന്നവരുമായി ബന്ധമുള്ള കമ്പനികൾക്കാണെന്ന് ഹർജിയിൽ പറയുന്നു.
കെ- ഫോൺ കരാറുകളിലും ഉപകരാറുകളിലും ശതകോടികളുടെ ക്രമക്കേട് നടന്നു. 1028.20 കോടി രൂപയായിരുന്ന എസ്റ്റിമേറ്റ് ടെൻഡർ ഘട്ടത്തിൽ 1628.35 കോടിയിലെത്തി.
ഭാരത് ഇലക്ട്രോണിക്‌സ്, റെയിൽടെൽ കോർപ്പറേഷൻ, സ്വകാര്യ സ്ഥാപനങ്ങളായ എസ്.ആർ.ഐ.ടി, എൽ.എസ്. കേബിൾ എന്നിവ ഉൾപ്പെട്ട കൺസോർഷ്യത്തിനാണ് കരാർ നല്കിയത്. അഴിമതിയാരോപണമുയർന്ന എ.ഐ ക്യാമറ പദ്ധതിയുടെ ഉപകരാർ നേടിയത് എസ്.ആർ.ഐ.ടിയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.