solar

ചെന്നൈ: അമേരിക്കയിലെ പ്രമുഖ ധനസഹായ സ്ഥാപനമായ യു.എസ്. ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ (ഡി.എഫ്.സി.) തമിഴ്‌നാട്ടിൽ പുതിയ സോളാർ പാനൽ നിർമ്മാണ കേന്ദ്രത്തിന് തുടക്കമിട്ടു. അമേരിക്കൻ സൗരോർജ കമ്പനിയായ ഫസ്റ്റ് സോളാറിന്റെ പുതിയ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനാണ് ഡി.എഫ്.സി. 50 കോടി ഡോളർ വായ്പയായി നൽകിയത്.

പ്രാദേശിക സമൂഹങ്ങളിൽ നിക്ഷേപിക്കുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന വൈവിദ്ധ്യമാർന്ന വിതരണ ശൃംഖലകൾക്ക് ധനസഹായം നൽകാനുള്ള അമേരിക്കയുടെ പ്രതിബദ്ധതയാണ് പുതിയ നിക്ഷേപം.

ഡി.എഫ്.സി. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സ്‌കോട്ട് നേഥൻ സൗരോർജ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യയിലെ യു.എസ് അംബാസഡർ എറിക് ഗാർസെറ്റി, ചെന്നൈയിലെ യു.എസ്. കോൺസൽ ജനറൽ ക്രിസ്റ്റഫർ ഹോഡ്ജസ്, ഫസ്റ്റ് സോളാർ ചീഫ് കമേഴ്സ്യൽ ഓഫീസർ ജോർജ് ആന്തോൺ, തമിഴ്‌നാട് വ്യവസായ മന്ത്രി റ്റി.ആർ.ബി. രാജാ എന്നിവരും സന്നിഹിതരായിരുന്നു.