
കൊച്ചി: കാക്കനാട് നിർമ്മിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രദർശന വിപണന കേന്ദ്രം ഫെബ്രുവരി നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിൽ ആരംഭിച്ച 20-ാമത് കേരള ബാംബൂ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എക്‌സിബിഷൻ സെന്റർ വരുന്നതോടെ ബാംബൂ ഫെസ്റ്റിനടക്കം സ്ഥിരം വേദിയൊരുങ്ങും. സെന്ററിലെ ആദ്യ പ്രദർശനം ഫെബ്രുവരി 10ന് നടക്കും. ഇതോടൊപ്പമുള്ള കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം ജൂലായിൽ നടക്കും. ബാംബൂ മേഖലയിലെ എല്ലാ വിഭാഗം തൊഴിലാളികളുടെയും ക്ഷേമത്തിനു പ്രാമുഖ്യം നൽകി പുതിയ ക്രമീകരണങ്ങൾ നടപ്പിലാക്കും. പ്രകൃതിദത്ത ഉത്പന്നങ്ങൾക്ക് ആവശ്യം വർദ്ധിച്ച സാഹചര്യത്തിലാണ് നടപടികൾ വേഗത്തിലാക്കുന്നത്.
ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി വിശിഷ്ടാതിഥിയായി. മേയർ അഡ്വ. എം.അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. 17ന് മേള സമാപിക്കും.