padam
ജിബിൻ പീറ്റർ ഡിക്രൂസ്

കൊച്ചി: മുപ്പതു പെൺകുട്ടികളുടെ ആശ്രയമായ തൊടുപുഴ ഇമ്മാനുവൽ ചിൽഡ്രൻസ് ഹോം അടച്ചുപൂട്ടാതിരിക്കാൻ സാഹസിക കായിക ദൗത്യങ്ങൾ ഏറ്റെടുക്കുകയാണ് വരാപ്പുഴ കടവിൽവീട്ടിൽ ജിബി പീറ്റ‌‌ർ ഡിക്രൂസ്. നാലു വർഷത്തിനിടെ ഇങ്ങനെ ശേഖരിച്ച് നൽകിയത് അഞ്ചു ലക്ഷത്തോളം രൂപ.

ബൈക്ക് അപകടത്തിൽ ഇടതുകാലിന് ഗുരുതര പരിക്കറ്റ് ഇനി നടക്കാനാവുമോയെന്നുപോലും സംശയിച്ച നാളുകൾ അതിജീവിച്ചാണ് ജിബി പീറ്റ‌‌ർ ഡിക്രൂസ് ആരോരുമില്ലാത്തവർക്ക് കൈത്താങ്ങാവാൻ സ്വയം സമർപ്പിച്ചത്.

മൂവാറ്റുപുഴ വിശ്വജ്യോതി എൻജിനീയറിംഗ് കോളേജിൽ അദ്ധ്യാപകനായിരിക്കേ, അവിടെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായിരുന്നു. അപ്പോഴാണ് ചിൽഡ്രൻസ് ഹോം സന്ദർശിക്കാനും കാര്യങ്ങൾ മനസിലാക്കാനും കഴിഞ്ഞത്. 2019 മേയിൽ ആദ്യത്തെ ധനസമാഹരണ ദൗത്യം. വിശ്വജ്യോതി എൻജിനിയറിംഗ് കോളേജ് ഗ്രൗണ്ടിന് ചുറ്റും 214 തവണ നിറുത്താതെ ഫുൾ മാരത്തൺ ഓടി. സ്പോൺസർഷിപ്പായി ഒരു ലക്ഷം രൂപ ലഭിച്ചു.

എൻജിനീയറിംഗ് കോളേജിലെ അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച് ഫിറ്റ്നസ് രംഗത്തേക്ക് തിരിഞ്ഞെങ്കിലും ഈ 38കാരൻ ചിൻഡ്രൻസ് ഹോമിനെ കൈവിട്ടില്ല. വരാപ്പുഴയിൽ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചും 300 കി.മീറ്റർ സാധാരണ സൈക്കിളിൽ 32 മണിക്കൂറിൽ പൂർത്തിയാക്കിയതാണ് രണ്ടാം ദൗത്യം. കഴിഞ്ഞവർഷം 100മൈൽ (161 കി.മി ) മാരത്തൺ നടത്തി 2.45 ലക്ഷം രൂപ സമാഹരിച്ചു.

അടുത്തമാസം 10ന് കാലടിയിൽ നിന്ന് ആലുവ മണപ്പുറംവരെ ഹാഫ് മാരത്തൺ (21 കി.മി) നീന്തലിനുള്ള തയ്യാറെടുപ്പിലാണ്.

സാമ്പത്തികസ്ഥിതി ഇല്ലാത്തതിനാലാണ് ഇത്തരം ദൗത്യങ്ങൾ ഏറ്റെടുത്ത് പണമുണ്ടാക്കുന്നതെന്ന് ജിബിൻ പറയുന്നു. ഭാര്യ അനൂജയാണ് കരുത്ത്. മകൾ: നോവ ജിബി ഡിക്രൂസ്.

 മനക്കരുത്തിന്റെ ട്രാക്കിൽ

2012ൽ പറവൂരിൽ ബൈക്ക് അപകടത്തിലാണ് പരിക്കേറ്റത്. പ്ലാസ്റ്റർ അഴിച്ചെങ്കിലും പിച്ചവയ്ക്കാൻ മാസങ്ങളെടുത്തു. വരാപ്പുഴ പള്ളിപ്പെരുനാളിന്റെ ഭാഗമായി നടത്തുന്ന നാലു കി.മി മാരത്തൺ പൂർത്തിയാക്കണമെന്ന ആഗ്രഹമാണ് ട്രാക്കിലെത്തിച്ചത്. ഇന്ന് കേരളത്തിലെ എല്ലാ മാരത്തണിലും നിറസാന്നിദ്ധ്യമാണ് ജിബി.

കൈനകരിയിൽ പരിശീലനം പൂർത്തിയാക്കിയാണ് ജല മാരത്തണിന് തയ്യാറെടുത്തത്. ലക്ഷ്യം പൂ‌ർത്തിയാക്കാൻ 12 മണിക്കൂർ നീന്തേണ്ടിവരും.

- ജിബി പീറ്റർ ഡിക്രൂസ്