boby

കൊച്ചി: നിക്ഷേപത്തട്ടിപ്പിന് നിയമനടപടി നേരിടുന്ന ചെമ്മണൂർ നിധി ലിമിറ്റഡുമായി തന്റെ കുടുംബത്തിനോ സ്ഥാപനങ്ങൾക്കോ ബന്ധമില്ലെന്ന് വ്യവസായി ബോബി ചെമ്മണൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിക്ഷേപകരുടെ പരാതിയിൽ ചെമ്മണൂർ നിധി ലിമിറ്റഡിന്റെ ഉടമയെ തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്യുകയും ജില്ലാ കലക്ടറുടെ നി‌ർദ്ദേശപ്രകാരം ജപ്തിനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ബോച്ചെ, ബോബി ചെമ്മണൂർ എന്നീ ബ്രാൻഡുകളിലാണ് തന്റെ സ്ഥാപനങ്ങളുള്ളത്. ഈ ബ്രാൻഡ് നെയിമുകൾ ദുരുപയോഗം ചെയ്ത് ഇന്ത്യയിലും വിദേശത്തും പലരും ബിസിനസ് നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഗൾഫിൽ ഒരു റസ്റ്റൊറന്റ് പ്രവർത്തിക്കുന്നതായും അറിയാൻ കഴിഞ്ഞതായി ബോബി ചെമ്മണൂർ പറഞ്ഞു. 161 വർഷത്തെ പാരമ്പര്യമുള്ള ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ബ്രാൻ‌ഡ് നെയിമും ലോഗോയും മറ്റുള്ളവർ വ്യാജമായി ഉപയോഗിക്കുന്നത് ഇന്ത്യൻ ട്രേഡ് മാർക്ക് ആക്ട് പ്രകാരം ശിക്ഷാർഹമാണെന്നും അദ്ദേഹം പറഞ്ഞു.