കൊച്ചി: വൈറ്റില ജംഗ്ഷനിലെ ശിവ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പാലമരങ്ങൾ അനുമതിയില്ലതെ മുറിച്ചുവിറ്റതിന് നടപടി ആവശ്യപ്പെട്ട് എറണാകുളം സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഫോറസ്റ്റ് ഓഫീസർ മരട് പൊലീസിൽ റിപ്പോർട്ട് നൽകി. ക്ഷേത്രത്തിനുള്ളിലെ മൂന്ന് പാല മരങ്ങളും ഒരു പേരാലും മതിൽക്കെട്ടിന് പുറത്തുള്ള ഒരു പാലമരവുമാണ് ജനുവരി ആദ്യവാരം മുറിച്ചുമാറ്റിയത്. ക്ഷേത്ര പരിസരത്ത് തണലും കാറ്റും ജനങ്ങൾക്ക് പകർന്ന് നൽകിയിരുന്നതാണ് മരങ്ങൾ. അപകടാവസ്ഥയിലായതിനാണ് മരങ്ങൾ മുറിച്ചതെന്നാണ് ദേവസ്വം അധികൃതരുടെ വിശദീകരണം. കൊച്ചിൻ ദേവസ്വം ബോർഡിന്റെ തൃപ്പൂണിത്തുറ ദേവസ്വത്തിന് കീഴിലുള്ളതാണ് ക്ഷേത്രം.
സർക്കാർ ഭൂമിയിലുള്ള മരങ്ങൾ മുറിക്കുന്നതിന് തദ്ദേശ സ്ഥാപന ചെയർമാന്റെ നേതൃത്വത്തിലുള്ള ട്രീ കമ്മിറ്റിയുടെ അനുമതി വാങ്ങണം. ഇത് ചെയ്യാതെ മരങ്ങൾ മുറിച്ച് പൊതുമുതൽ നശിപ്പിച്ചത് കുറ്റകരണമാണെന്നും നടപടി വേണമെന്നുമാണ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ സി.ആർ. സിന്ധുമതി ജനുവരി എട്ടിന് മരട് സ്റ്റേഷനിൽ പരാതി നൽകിയത്. പരിസ്ഥിതി പ്രവർത്തകനായ ഏലൂർ ഗോപിനാഥന്റെ പരാതിയിലായിരുന്നു വനംവകുപ്പിന്റെ നടപടി. 40,000 രൂപയ്ക്ക് പങ്കജാക്ഷൻ എന്നയാളാണ് ലേലം കൊണ്ടത്. മതിൽക്കെട്ടിന് പുറത്ത് മുറിച്ച ഒരു മരം വൈറ്റില- തൃപ്പൂണിത്തുറ റോഡിലെ ക്ഷേത്രത്തിന് മുന്നിൽ നിന്നതാണ്. ഈ ഭൂമി ക്ഷേത്രം വക തന്നെയാണെന്ന് ദേവസ്വം ഓഫീസർ പറഞ്ഞു.
മരങ്ങൾ അപകടാവസ്ഥയിലായിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ അനുമതിയോടെ ടെൻഡർ വിളിച്ചാണ് മരങ്ങൾ വിറ്റത്. ദേവസ്വം ഭൂമി സർക്കാർ ഭൂമിയല്ല.
എസ്.രാജീവ്
ദേവസ്വം ഓഫീസർ
വൈറ്റില ശിവസുബ്രഹ്മണ്യസ്വാമി ക്ഷേത്രം
വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ ഒരു വർഷത്തിലേറെയായി മുറിക്കാൻ ശ്രമിക്കുന്നു. ഇപ്പോഴാണ് ലേലം വിളിക്കാൻ ആളെത്തിയത്. ക്ഷേത്രത്തിന്റെയും ജനങ്ങളുടെയും സുരക്ഷയ്ക്കായി മുറിച്ചതാണ്. ഈ മരങ്ങൾ മുറിക്കാൻ വനംംവകുപ്പിന്റെ അനുമതി വേണ്ട.
മുരളീധരൻ
സെക്രട്ടറി, ക്ഷേത്രം ഉപദേശക സമിതി
പൊതുഭൂമിയിലെ മരം മുറിക്കുമ്പോൾ ട്രീ കമ്മിറ്റിയുടെ അനുമതി നിർബന്ധമാണ്. മറ്റ് ദേവസ്വം ബോർഡുകളെല്ലാം ഇത് പാലിക്കാറുണ്ട്.
ഡോ.എൻ.സി.ഇന്ദുചൂഡൻ
മുൻ ഡി.എഫ്.ഒ