f

ചരിത്രവും സംസ്കാരവും രാഷ്ട്രീയലക്ഷ്യങ്ങൾക്കായി വികലമാക്കുന്ന ഇക്കാലത്ത് പുരാവസ്തു, പുരാരേഖ വകുപ്പിന് പ്രസക്തിയേറിയെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കേരളത്തിന്റെ പൈതൃകത്തിലേക്ക് കടന്നുകയറാൻ

ശ്രമങ്ങളുണ്ടായാൽ ചെറുക്കുമെന്നും അദ്ദേഹം 'കേരളകൗമുദി'യോട് പറഞ്ഞു. തനിക്ക് ലഭിച്ചിരിക്കുന്ന മ്യൂസിയം, രജിസ്ട്രേഷൻ വകുപ്പുകളേക്കുറിച്ചും അദ്ദേഹം തന്റെ കാഴ്ചപ്പാടുകൾ പങ്കുവച്ചു.

തുറമുഖ വികസനത്തിൽ കേരളം മുന്നേറുമ്പോൾ

ഈ വകുപ്പ് കിട്ടാത്തതിൽ വിഷമമുണ്ടോ ?

ഒരു നിരാശയുമില്ല. മന്ത്രിമാർക്ക് ഏത് വകുപ്പ് നല്കണമെന്നത് മുഖ്യമന്ത്രിയുടെ പരമാധികാരത്തിൽപ്പെട്ട കാര്യമാണ്. എല്ലാ വകുപ്പുകളും പ്രധാനമാണ്. എനിക്ക് ലഭിച്ച രജിസ്ട്രേഷൻ വകുപ്പ് ഖജനാവിലേക്ക് മുതൽക്കൂട്ടുന്നതിൽ ജി.എസ്.ടി. കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തുള്ളതാണ്.

രജിസ്ട്രേഷൻ വകുപ്പിനേക്കുറിച്ചുള്ള ആക്ഷേപങ്ങൾ തുടരുകയാണല്ലോ

പരാതികൾ ഒട്ടേറെയുണ്ട്. പരിഹരിക്കാനുള്ള ചർച്ചകൾ തുടരുന്നുണ്ട്. കൈകാര്യം ചെയ്തിട്ടില്ലാത്ത വകുപ്പാണിത്. അതിനാൽ വിവിധ വശങ്ങൾ പരിശോധിക്കുകയാണ്.

 ന്യായവില രേഖപ്പെടുത്താത്ത ഭൂമിക്കും അണ്ടർ വാല്യുവേഷൻ

റിക്കവറി നോട്ടീസ് അയയ്ക്കുന്ന പ്രശ്നമുണ്ടല്ലോ

വിഷയം പരിശോധിച്ചിരുന്നു. പരിഹാരം കാണാൻ നി‌ർദ്ദേശം നല്കിയിട്ടുണ്ട്. ക്രമക്കേടുകൾ ഇല്ലാതെ രജിസ്ട്രേഷൻ വകുപ്പിനെ ജനോപകാരപ്രദമാക്കാനാണ് ശ്രമിക്കുന്നത്.

രജിസ്ട്രേഷൻ വകുപ്പിൽ ഏതു പരിഷ്കാരത്തിനാണ് മുൻഗണന?

വകുപ്പിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനുള്ള നടപടികൾക്കാണ് അടിയന്തര പ്രാധാന്യം നല്കുന്നത്. രജിസ്ട്രേഷൻ വകുപ്പിൽ ഡിജിറ്റലൈസേഷൻ

ത്വരിതപ്പെടുത്തും. ഫയൽ നീക്കമടക്കം വേഗത്തിലാകണം. രജിസ്ട്രേഷൻ വകുപ്പ് ഒരു സാഗരമാണ്.

സുഗമമായി ഈ സാഗരം തരണംചെയ്യാനുള്ള ഉപായങ്ങൾ കണ്ടെത്തും.

മ്യൂസിയങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാനുള്ള നടപടികൾ?

നമ്മുടെ മ്യൂസിയങ്ങളിലും പൈതൃക കേന്ദ്രങ്ങളും അമൂല്യനിധികളായ കാഴ്ചകളുണ്ട്. അവ സംരക്ഷിക്കുന്നതിന് കോടിക്കണക്കിന് രൂപയുടെ ചെലവുണ്ട്. കാണാനെത്തുന്നവരിൽ അധികവും വിദേശികളും ഇതര സർവകലാശാലകളിലെ വിദ്യാർത്ഥികളുമാണ്. നാട്ടുകാരായ കാണികളെ കൂടുതൽ ആകർഷിക്കാൻ

നടപടിയുണ്ടാകും. പൈതൃക മ്യൂസിയം പദ്ധതികളുടേയും തെയ്യം മ്യൂസിയം, ശക്തൻ തമ്പുരാൻ മ്യൂസിയം തടങ്ങിയവയുടെ നവീകരണവും സമയബന്ധിതമായി പൂർത്തിയാക്കും. കൊച്ചി ഹിൽപാലസ് പോലുള്ള കൊട്ടാരങ്ങളുമായി ബന്ധപ്പെട്ട് ചരിത്രപ്രാധാന്യമുള്ള മറ്റ് കേന്ദ്രങ്ങളുമുണ്ട്. ഇവ സംരക്ഷിച്ച് പൈതൃക കേന്ദ്രങ്ങളാക്കും.

പ്രവർത്തനശൈലി എങ്ങനെയായിരിക്കും

മൂന്നാം തവണയാണ് മന്ത്രിയാകുന്നത്. മുമ്പ് വി.എസ്. സർക്കാരിലും ഒന്നാം പിണറായി സർക്കാരിലും

ആക്ഷേപത്തിനിടയാക്കാതെ പ്രവർത്തിച്ചു. വിശ്വാസ്യതയും കാര്യക്ഷമതയുമാണ് മുഖ്യം. അതി​ൽ ഒരു വി​ട്ടുവീഴ്ചയും ഉണ്ടാകി​ല്ല.