ആലുവ: തുരുത്ത് വിക്ടറിക്ക് സമീപം രാത്രിയുടെ മറവിൽ മാലിന്യം നിക്ഷേപിക്കുന്നത് പതിവായി. പുറയാർ പാലത്തിന് സമീപം പഴയ ഓട്ടുകമ്പനി പ്രവർത്തിച്ചിരുന്ന റോഡരികിലാണ് മാലിന്യനിക്ഷേപം തകൃതിയായത്.
ഭക്ഷണമാലിന്യങ്ങളും അറവുമാലിന്യങ്ങളുമാണ് ഇവിടെ നിക്ഷേപിക്കുന്നതിൽ ഏറെയും. കാൽനട യാത്രികർ മൂക്കുപൊത്തി സഞ്ചരിക്കണം. അറവുമാലിന്യങ്ങൾ കൂമ്പാരമായതോടെ പരിസരം തെരുവുപട്ടികളുടെ കേന്ദ്രമായി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള കാൽനട യാത്രികരെല്ലാം ഭയാശങ്കയോടെയാണ് ഇതുവഴി പോകുന്നത്. നേരത്തെ മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയതിനെ തുടർന്ന് കുറച്ചു നാളത്തേക്ക് കുറഞ്ഞിരുന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും മാലിന്യനിക്ഷേപം രൂക്ഷമായത്.
മാസങ്ങൾക്ക് മുമ്പ് തുരുത്തിൽ മറ്റൊരിടത്ത് മാലിന്യം വാഹനത്തിൽ നിന്ന് വലിച്ചെറിഞ്ഞവരെ കണ്ടെത്തി അവരെ കൊണ്ടുതന്നെ നീക്കം ചെയ്യിച്ചിരുന്നു. തുരുത്തിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി കർശനനടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.