കൊച്ചി: ഓർത്തഡോക്സ് വിഭാഗത്തിന് പോത്താനിക്കാട് പുളിന്താനം സെന്റ് ജോൺസ് ബസ്‌ഫാഗെ പള്ളിയിൽ പ്രവേശിക്കാനും ശുശ്രൂഷ നടത്താനും പൊലീസ് സംരക്ഷണം നല്കണമെന്ന ഉത്തരവ് പാലിച്ചില്ലെന്ന കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തുടർനടപടികൾക്കായി അടുത്തമാസം എട്ടിലേക്ക് മാറ്റി. പള്ളിവികാരി ഫാ. സി.കെ. ഐസക് കോർ എപ്പിസ്‌കോപ്പ നല്കിയ കോടതിയലക്ഷ്യ ഹർജി ജസ്റ്റിസ് അനു ശിവരാമനാണ് പരിഗണിക്കുന്നത്. കാലതാമസം നേരിട്ടത് മാപ്പാക്കണമെന്നും കോടതി ഉത്തരവ് നടപ്പാക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ടെന്നും അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്‌ണക്കുറുപ്പ് ഹൈക്കോടതിയിൽ അറിയിച്ചു. സുപ്രീംകോടതിയിൽ ഇതു സംബന്ധിച്ച പ്രത്യേകാനുമതി ഹർജിയിൽ നോട്ടീസായെന്നും വിശദീകരിച്ചു. എന്നാൽ ഈ കേസിൽ സുപ്രീംകോടതി ഇടക്കാല ഉത്തരവ് നല്കിയിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.