
കൊച്ചി: ജർമ്മനിയിൽ നിന്നടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് തപാലിൽ മയക്കുമരുന്ന് ഇറക്കുമതി ചെയ്ത അഞ്ച് പേർ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) പിടിയിലായി. കൊച്ചി, കാക്കനാട്, ആലുവ, എരൂർ എന്നിവിടങ്ങളിൽ എൻ.സി.ബി നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്. പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ കൂടുതൽ അറസ്റ്റുണ്ടായേയ്ക്കും. മുന്നൂറ് ലഹരി സ്റ്റാമ്പുകൾ ഇവരിൽ നിന്ന് പിടികൂടിയതായാണ് സൂചന. രാത്രി വൈകി പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആലുവ സ്വദേശിയായ ശരത്ത്, കാക്കനാട് സ്വദേശികളായ ഷാരോൺ, എബിൻ എന്നിവരുടെ പേരിലാണ് വിദേശത്തുനിന്ന് പാഴ്‌സൽ വന്നത്. ചിറ്റൂർ റോഡിൽ, വിദേശ പാഴ്സലുകൾ കൈകാര്യം ചെയ്യുന്ന പോസ്റ്റ് ഓഫീസിൽ എത്തിയ പാഴ്‌സൽ സംശയംതോന്നി പരിശോധിച്ചപ്പോഴാണ് സ്റ്റാമ്പ് രൂപത്തിലുള്ള ലഹരിവസ്തു കണ്ടത്. നേരത്തേയും ഇതേരീതിയിൽ മയക്കുമരുന്ന് എത്തിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
സംഘം കൊച്ചി നഗരത്തിലും പരിസരങ്ങളിലും വ്യാപകമായി ലഹരി സ്റ്റാമ്പ് വിതരണം ചെയ്തിട്ടുണ്ടെന്ന് എൻ.സി.ബി വൃത്തങ്ങൾ പറഞ്ഞു.