മൂവാറ്രുപുഴ : പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് 'ഞാനുമുണ്ട് പരിചരണത്തിന്' എന്ന സന്ദേശമുയർത്തി സ്നേഹായനം - സ്നേഹ യാത്ര ഇന്ന് സംഘടിപ്പിക്കുമെന്ന് മൂവാറ്രുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെയും പണ്ടപ്പിള്ളി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ വിവിധ അസുഖ ബാധിതർ ഉൾപ്പെടെ 60 പേരാണ് യാത്രാ സംഘത്തിലുള്ളത്.

രാവിലെ 8.30 ന് മൂവാറ്റുപുഴ ഹോളി മാഗി ചർച്ച് ഗ്രൗണ്ടിൽ നിന്ന് യാത്ര ആരംഭിക്കും. ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ , മുൻ എം.എൽ.എ ജോസഫ് വാഴക്കൻ , നിർമ്മല ഹൈസ്കൂൾ പ്രിൻസിപ്പൽ ഫാ. ആന്റണി പുത്തൻകുളം എന്നിവർ സംഘത്തിന്റെ യാത്ര അയപ്പിൽ പങ്കെടുത്തു. കുഴുപ്പിള്ളി ബീച്ച്, അയ്യപ്പൻ സ്മാരകം എന്നിവ സന്ദർശിക്കും. തുടർന്ന് സഹോദരൻ അയ്യപ്പന്റെ സ്മാരകമന്ദിരത്തിൽ നടക്കുന്ന പാലിയേറ്റീവ് സംഗമം വൈപ്പിൻ എം.എൽ.എ കെ.എൻ ഉണ്ണികൃഷ്ണൻ ഉദഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് സനിത റഹിം മുഖ്യാതിഥിയാകും. വാട്ടർ മെട്രോ, കൊച്ചി മെട്രോ എന്നിവ സന്ദർശിക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്സി ജോർജ്ജ്, അംഗങ്ങളായ ഡോ. ജോർജ്ജ് അഗസ്റ്റ്യൻ, എം.എ. റിയാസ്ഖാൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.