
പെരുമ്പാവൂർ: ഏഷ്യൻ ഫുട്സാൽ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ദേശീയ ടീമിലേക്ക് കളിച്ചു കയറി
പെരുമ്പാവൂർ കൂടാലപ്പാട് സ്വദേശി അബിൻ സാജു എന്ന കൊച്ചു മിടുക്കൻ. അഹമ്മദാബാദിൽ നടന്ന ദേശീയ ഫുട്സാൽ ചാമ്പ്യൻഷിപ്പിൽ കേരള ടീമിന്റെ ക്യാപ്ടനായി കളിച്ച് മഹാരാഷ്ട്രയെ തോല്പിച്ചാണ് നേട്ടം.
ബഗ്ലാദേശിൽ നടക്കുന്ന ഏഷ്യൻ ഫുട്സാൽ ചാമ്പ്യൻഷിപ്പിലേക്കുള്ള ഇന്ത്യൻ ദേശീയ ടീമിലേക്കാണ് അബിൻ തിരഞ്ഞെടുക്കപ്പെട്ടത്. കളിയിലെ ഡ്രിബ്ളിംഗ് പാടവവും ഏകാഗ്രതയും പന്തടക്കവും ഫിനിഷിംഗ് പാടവവും കൊണ്ടാണ് അബിൻ ദേശീയ ശ്രദ്ധയാകർഷിച്ചതെന്ന് ഇദ്ദേഹത്തിന്റെ പരിശീലകൻ ഡോ. പ്രേകുമാർ പറഞ്ഞു.
കൊടുവേലിപ്പടിയിൽ പൗരപ്രമുഖരും രാഷ്ട്രീയനേതാക്കളും പങ്കെടുത്ത ചടങ്ങിൽ അബിന് സ്വീകരണം നൽകി. കൊടുവേലിപ്പടി യംഗ്സ്റ്റാർ ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബാണ് പരിപാടി സംഘടിപ്പിച്ചത്. കൂടാലപ്പാട് എം.എസ്. കാറ്ററിംഗ് എന്ന സ്ഥാപനം നടത്തുന്ന മേപ്പിള്ളി സാജുവിന്റെയും ഒക്കൽ പഞ്ചായത്ത് മുൻ വാർഡ് അംഗം ജെസ്സി സാജുവിന്റെയും മകനാണ് അബിൻ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഫിസിക്കൽ എജ്യൂക്കേഷൻ ബിരുദവിദ്യാർത്ഥിയാണ് അബിൻ. അലക്സ് സഹോദരനാണ്.