ആലുവ: പൊതുമരാമത്ത് ഉദ്യോഗസ്ഥർ പൊലീസ് സംരക്ഷണയിൽ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ച് നീക്കിയ കീഴ്മാട് സർക്കുലർ റോഡിൽ മുതിരക്കാട് കവലയിലെ ബസ് കാത്തുനിൽപ്പ് കേന്ദ്രം നാട്ടുകാർ താത്കാലികമായി പുനഃസ്ഥാപിച്ചു.
രണ്ട് പതിറ്റാണ്ടിലേറെയായി നിലനിന്നിരുന്ന കാത്തുനിൽപ്പ് കേന്ദ്രമാണ് സമീപവാസിയുടെ ആവശ്യപ്രകാരം വ്യാഴാഴ്ച്ച പൊതുമരാമത്ത് വകുപ്പ് പൊളിച്ചത്. ഇന്നലെ രാവിലെയാണ് ബി.ജെ.പി പ്രവർത്തകരും നാട്ടുകാരും ചേർന്ന് വെയിറ്റിംഗ് ഷെഡ് പുനഃസ്ഥാപിച്ചത്. റോഡരികിൽ ആവശ്യത്തിലേറെ സ്ഥലമുള്ളയാൾ ഗേറ്റ് സ്ഥാപിക്കാനെന്ന പേരിലാണ് പി.ഡബ്ളിയു.ഡിയെ സമീപിച്ചത്. വർഷങ്ങൾക്ക് മുമ്പ് മറ്റൊരു ഭാഗത്തായിരുന്ന ബസ് കാത്തിരുപ്പ് കേന്ദ്രം അവിടെ ഗേറ്റ് സ്ഥാപിക്കാനെന്ന് പറഞ്ഞതിനെ തുടർന്നാണ് നിലവിലെ സ്ഥലത്തേക്ക് മാറ്റിയത്.
കാത്തുനിൽപ്പ് കേന്ദ്രം പൊളിച്ചു നീക്കിയ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കീഴ്മാട് സർക്കുലർ റൂട്ടിൽ 36 ട്രിപ്പ് ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി സർവീസ് കൊവിഡിനുശേഷം വെട്ടിക്കുറച്ച് എട്ട് ട്രിപ്പാക്കി മാറ്റിയതിനാൽ യാത്രക്കാർ മണിക്കൂറുകളോളം ബസ് കാത്തുനിൽക്കേണ്ട അവസ്ഥയാണ്. മഴയും വെയിലുമേൽക്കാതെ നിൽക്കുന്നതിനുള്ള താത്കാലിക സംവിധാനമാണ് അധികൃതർ നശിപ്പിച്ചത്. സമീപവാസിയായ സ്ഥലം ഉടമയുടെ സ്വാധീനത്തിൽ അധികാര ദുർവിനിയോഗം ചെയ്ത് ഉദ്യോഗസ്ഥനെതിരെയും പരാതി നൽകാനാണ് നാട്ടുകാരുടെ തീരുമാനം.