
കൊച്ചി: കോളേജ് പഠനകാലത്ത് അരുൺ രാജിന്റെ മനസിൽ കയറിക്കൂടിയതാണ് സിനിമാമോഹം. കഷ്ടപ്പാടുകൾക്കിടെ ഏതാനും ഹ്രസ്വചിത്രങ്ങൾ ചെയ്ത് ആത്മവിശ്വാസമായപ്പോൾ മമ്മൂട്ടിയെ നായകനാക്കി സിനിമയെടുക്കാനായി ആഗ്രഹം.
ജീവിതത്തിലും സിനിമാരംഗത്തും നേരിട്ട പ്രതിസന്ധികൾ മറികടന്ന് 31കാരന്റെ ആഗ്രഹം സഫലമാവുകയാണ്. മമ്മൂട്ടിയുടെ ഓഫീസിൽ നിന്ന് വിളിയെത്തി.
ചരിത്രപുരുഷനായ അയ്യങ്കാളിയുടെ ജീവിതം പറയുന്ന 'കതിരവൻ"എന്ന ചിത്രത്തിൽ നായകവേഷത്തിലായിരിക്കും മമ്മൂട്ടി. ചിത്രീകരണം ഈ വർഷം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
ആദ്യമെടുത്ത ഹ്രസ്വചിത്രത്തിന്റെ വിജയം മുഖ്യധാരയിലേക്ക് വഴിയൊരുക്കിയെങ്കിലും പരീക്ഷണങ്ങൾ ഏറെയായിരുന്നു. ഏറെ പ്രതീക്ഷയോടെ എടുത്ത 'കുരിശ്" എന്ന ചിത്രം സെൻസർബോർഡ് കത്രികവച്ച് ഏറെ മാറ്റങ്ങളോടെ 25 ദിവസം മുമ്പാണ് റിലീസ് ചെയ്തത്. മതങ്ങൾ കുട്ടികളെ ചൂഷണം ചെയ്യുന്നതായുള്ള പ്രമേയമാണ് പ്രശ്‌നമായത്. പേരുമാറ്റി 'എഡ്വിന്റെ നാമം" എന്നാക്കി. പലരംഗങ്ങളും ഒഴിവാക്കിയെങ്കിലും എ സർട്ടിഫിക്കറ്റ് മാറ്റിയില്ല. പേരുമാറ്റത്തോടെ വിതരണക്കാർ പിന്മാറി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. ആകെ തകർന്നു നിന്നപ്പോഴാണ് മമ്മൂട്ടിയുടെ ഓഫീസിൽ നിന്നുള്ള വിളി.
മുട്ടുവിൻ തുറക്കപ്പെടും, വെൽക്കം ടു പാണ്ടിമല, കുരിശ് (എഡ്വിന്റെ നാമം) എന്നിവയാണ് അരുണിന്റെ സിനിമകൾ. ചിത്രങ്ങളുടെ ഛായാഗ്രഹണവും അരുണാണ്.
സ്വപ്നസഞ്ചാരി, മെമ്മറി ഒഫ് മർഡർ തുടങ്ങി നാല് ഹ്രസ്വചിത്രങ്ങളും എടുത്തിട്ടുണ്ട്. മെമ്മറി ഒഫ് മർഡറിന് മുംബയ് ഐ.ഐ.എഫ്.എഫിൽ അടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു.
നാടോടിയായി,
തട്ടുകടയിൽ ജോലി
കോളേജ് പഠനത്തിനിടെ ലഭിച്ച ജോലി, സിനിമാപ്രേമം മൂലം ഉപേക്ഷിച്ച് ഒരു വർഷത്തോളം വിവിധ നാടുകളിൽ അലഞ്ഞുതിരിഞ്ഞ മുഴുപ്പട്ടിണിയുടെ നാളുകൾ ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ അരുണിനെ പഠിപ്പിച്ചത് ഒട്ടേറെ ജീവിതപാഠങ്ങൾ. അച്ഛൻ കിടപ്പായതിനാൽ കൂലിപ്പണിക്കു പോയി അമ്മ വീട് പുലർത്തിയിരുന്നപ്പോൾ വിശാഖപട്ടണത്ത് കോസ്റ്റ്ഗാർഡിൽ ലഭിച്ച ജോലിയാണ് സിനിമയ്ക്കായി അരുൺ ഉപേക്ഷിച്ചത്.
കേരളം മുതൽ ആന്ധ്രവരെ ട്രെയിനിൽ അലഞ്ഞു. മുഷിഞ്ഞുനാറിയ വസ്ത്രം മാത്രമായിരുന്നു കൂട്ട്. ജീവിക്കാനായി പാലാരിവട്ടത്ത് തട്ടുകടയിലും ഹോട്ടലിലും ക്ലീനറായി. ഇവിടെയെത്തിയ ഒരു സിനിമാ പ്രൊഡക്ഷൻ കൺട്രോളറുടെ സഹായത്തോടെ ഹോട്ടൽ ജോലിയിൽ നിന്നുള്ള വരുമാനംകൊണ്ട് സിനിമയുടെ സാങ്കേതിക കാര്യങ്ങൾ പഠിച്ചെടുത്തു.
`മമ്മൂക്കയെപ്പൊലൊരു മനുഷ്യൻ എത്ര സന്തോഷത്തോടെയാണ് നവാഗതരെ കേൾക്കുന്നത്. ചിത്രം ഈ വർഷം തന്നെ നടക്കുമെന്നുറപ്പുണ്ട്.'
-അരുൺരാജ്,
സംവിധായകൻ