
കൊച്ചി: ഒരിടവേളയ്ക്ക് ശേഷം കൊച്ചിയിലെ ഫോറിൻ തപാൽ ഓഫീസ് വഴിയുള്ള ലഹരി ഇറക്കുമതി കൂടുന്നു. വിവിധ സാധനങ്ങളിൽ ഒളിപ്പിച്ചും അല്ലാതെയുമാണ് ലഹരിക്കടത്ത് വ്യാപകമാകുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് മാരകമയക്കുമരുന്നുകൾ എത്തുന്നുണ്ട്. വാങ്ങുന്നവരിലും വില്ക്കുന്നവരിലും ഭൂരിഭാഗവും യുവാക്കളാണ്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ അഞ്ച് പേർ എൻ.സി.ബിയുടെ പിടിയിലായതോടെ മയക്കുമരുന്ന് ശൃംഖലയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.
രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയുടെ കണ്ണികൾ കൊച്ചിയിലുണ്ടെന്നാണ് വിവരം. കാര്യമായ പരിശോധനയില്ലാത്ത തപാൽ ഓഫീസുകൾ വഴിയാണ് ലഹരി സംഘങ്ങളുടെ ഇടപാടുകൾ. വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ വിലാസം ദുരുപയോഗം ചെയ്താണ് കടത്ത്. ഇതിന് ഉപയോഗിക്കുന്ന നമ്പർ, ലഹരിവാങ്ങുന്ന ആളുടെയോ ഇടനിലക്കാരന്റെയോ ആകും. സ്ഥാപനത്തിൽ വന്നോ വഴിയിൽ വച്ചോ കൊറിയർ വാങ്ങുകയാണ് പതിവ്.
ഒളിപ്പിക്കാൻ മരുന്ന്
മുതൽ പുസ്തകം വരെ
ഭക്ഷണപദാർത്ഥങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, മരുന്നുകൾ, പുസ്തകങ്ങൾ എന്നീ പേരുകളിലയയ്ക്കുന്ന പാഴ്‌സലുകളിലാണ് കടത്ത്. ഇതിനുപുറമേ തെങ്കാശി, ചെങ്കോട്ട, കോയമ്പത്തൂർ, കന്യാകുമാരി, നാഗർ കോവിൽ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേയ്ക്കുള്ള ദീർഘദൂര ബസ് സർവീസുകൾ വഴിയും മയക്കുമരുന്നുകൾ എത്തുന്നു. യാത്രാ ബസുകളായതിനാൽ ചെക്ക്‌പോസ്റ്റുകളിൽ കാര്യമായ പരിശോധനയില്ല. ലഗേജിന്റെ മറവിലും കടത്തു വ്യാപകമാണ്.
ശൃംഖലയിൽ
19,000 പേർ
ഫോറിൻ തപാൽ ഓഫീസ് വഴി എൽ.എസ്.ഡി സ്റ്റാമ്പ് എത്തിച്ച കേസിൽ നേരത്തേ അറസ്റ്റിലായ പ്രതികൾ ലഹരി ഇടപാട് നടത്തിയത് ടെലഗ്രാം ഗ്രൂപ്പ് വഴിയായിരുന്നു. 19,000ലേറെ അംഗങ്ങളുള്ളതായിരുന്നു ഗ്രൂപ്പ്. അഡ്മിൻ നെതർലൻഡ്‌സ് പൗരനാണ്. ക്രിപ്റ്റോ കറൻസി നല്കിയാണ് ലഹരിമരുന്ന് വാങ്ങിയത്. അന്ന് പിടിയിലായ കോഴിക്കോട് സ്വദേശിയുടെ പേരിൽ 60 ലേറെ പാഴ്‌സലുകളാണെത്തിയത്.