hc

കൊച്ചി: പദ്ധതികളുമായി ബന്ധപ്പെട്ട നിർമ്മാണപ്രവർത്തനങ്ങൾക്കിടെ ദുരന്തസാദ്ധ്യത ഒഴിവാക്കാൻ ആസൂത്രണ ഘട്ടത്തിൽ മുൻകരുതൽ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ വകുപ്പുകൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും സർക്കുലർ നല്കിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പാലിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവു പ്രകാരമാണ് നടപടി.

പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അശാസ്ത്രീയമായി കലുങ്ക് നിർമ്മിച്ചതിനെ തുടർന്നുണ്ടായ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് പത്തനംതിട്ട സ്വദേശി ശ്യാമ നല്കിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
പദ്ധതിപ്രദേശത്ത് ഒരു കിലോമീറ്റർ ചുറ്റളവിൽ പ്രളയം, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നതടക്കം പരിശോധിക്കാനാണ് സർക്കുലറിൽ പറയുന്നത്. സാമൂഹികാഘാത പഠനം നടത്തിയിട്ടുണ്ടോ എന്നും ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോയെന്നും പരിശോധിക്കണം. സ്വാഭാവിക നീരൊഴുക്ക് തടഞ്ഞുകൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കരുതെന്നും നിർദ്ദേശമുണ്ട്.