കൂത്താട്ടുകുളം: പൂവക്കുളം അയ്യൻകുഴയ്ക്കൽ ശ്രീധർമ്മശാസ്ത മഹാദേവക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം 15 ന് ആരംഭിക്കും.
ഉച്ചയ്ക്ക് 3 മുതൽ സുരേഷ് തൈമാങ്കലിന്റെ കാർമ്മികത്വത്തിൽ ശക്തിശാസ്ത ഹോമം നടക്കും. വൈകിട്ട് 6 മണിക്ക് ആനന്ദഷണ്മുഖ ക്ഷേത്രത്തിൽ കിഴിപ്പണ സമർപ്പണം നടത്തി താലപ്പൊലിയുടെ അകമ്പടിയോടെ അയ്യൻ കുഴയ്ക്കൽ ക്ഷേത്രത്തിലേക്ക് ഘോഷയാത്ര നടക്കും.
6.45 നു ക്ഷേത്ര സന്നിധിയിലെ മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ചോൺ കർമ്മം കടുത്തുരുത്തി എം.എൽ.എ മോൻസ് ജോസഫ് നിർവ്വഹിക്കും. തുടർന്ന് ദീപാരാധന, ചുറ്റുവിളക്ക്, ഹോമ നിവേദ്യ വിതരണം, പ്രസാദ ഊട്ട്, തിരുവാതിര, ഭക്തിഗാനമേള എന്നിവ നടക്കും.
ക്ഷേത്രം ചടങ്ങുകൾക്ക് തന്ത്രി ഇടവെട്ടി സുബ്രഹ്മണ്യൻ നമ്പൂതിരി, മേൽശാന്തി അനന്തൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകുമെന്നും ക്ഷേത്രാധികാരികളായ ഡോ. ഷാജികുമാർ, ജി. നിശീകാന്ത്, മാനേജർ പേരൂർ വിജയകുമാർ എന്നിവർ അറിയിച്ചു.