വൈപ്പിൻ: നിർമ്മാണം ആരംഭിച്ചിട്ട് പൂർത്തിയാക്കാനാകാതെ ബുദ്ധിമുട്ടുന്ന നിരാലംബ കുടുംബങ്ങൾക്ക് തല ചായ്ക്കാനൊരിടം പദ്ധതിയുമായി റോട്ടറി ക്ലബ്ബ് ഒഫ് കൊച്ചിൻ വൈപ്പിൻ ഐലന്റ്. ആദ്യഘട്ടമായി 50 വീടുകളാണ് പൂർത്തിയാക്കുക. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം പൂർത്തിയായ എട്ട് വീടുകളുടെ താക്കോൽ ദാനം ഇന്ന് നടക്കും. ഭവനപദ്ധതിക്ക്
തുക കണ്ടെത്തുന്നതിന് ഇന്ന് വൈകീട്ട് ആറിന് കുഴുപ്പിള്ളി ഇന്ദ്രിയ സാന്റ്‌സിൽ മെഗാ സീ ഫുഡ് ഫെസ്റ്റ് നടക്കും. കൊച്ചി മുതൽ കോയമ്പത്തൂർ വരെയുള്ള റോട്ടറി ഡിസ്ട്രിക്ടിലെ നാനൂറോളം അംഗങ്ങൾ ചടങ്ങിൽ പങ്കെടുക്കും. ഡിസ്ട്രിക്ട് ഗവർണർ ടി.ആർ. വിജയകുമാർ ഫുഡ് ഫെസ്റ്റ് ഉദ്ഘാടനവും താക്കോൽ ദാനവും നിർവഹിക്കും. നിയുക്ത ഗവർണർ ഡോ. ജി.എൻ. രമേഷ് മുഖ്യാതിഥിയാവും. റോട്ടറി ക്ലബ് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി വിവിധ പരിപാടികളും നടക്കുമെന്ന് പ്രസിഡന്റ് ടി.എ. ജോസഫ്, സെക്രട്ടറി ഹരികൃഷ്ണ, പ്രോജക്ട് ചെയർമാൻ അഡ്വ. വി.പി. സാബു എന്നിവർ അറിയിച്ചു.