rajagiri
ശ്വാസകോശത്തിൽ ലോഹഭാഗം തറഞ്ഞ് കയറിയ വ്യക്തിയുടെ സിടി സ്‌കാൻ ദൃശ്യം (വൃത്തത്തിനുളളിൽ). ഇൻസൈറ്റിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ലോഹഭാഗം

ആലുവ: യന്ത്രത്തകരാർ പരിഹരിക്കുന്നതിനിടെ അബദ്ധത്തിൽ ശ്വാസകോശത്തിൽ തറച്ചുകയറിയ ലോഹഭാഗം ആലുവ രാജഗിരി ആശുപത്രിയിൽ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ നീക്കി. പാറമടയിലെ ഡ്രൈവിംഗ് തൊഴിലാളിയായ തമിഴ്‌നാട് സ്വദേശിക്കാണ് അപകടത്തിൽ പരിക്കേറ്റത്. സീനിയർ കാർഡിയാക് തൊറാസിക് സർജൻ ഡോ. ശിവ് കെ. നായരുടെ നേതൃത്വത്തിലാണ് ലോഹഭാഗം പുറത്തെടുത്തത്.

ജനുവരി രണ്ടിനാണ് കോതമംഗലത്തെ പാറമടയിലെ ഹിറ്റാച്ചി ഓപ്പറേറ്ററായ 44കാരൻ യന്ത്രത്തിന്റെ ലോഹഭാഗം തറച്ച നിലയിൽ രാജഗിരിയിലെത്തിയത്. ഹിറ്റാച്ചിയുടെ വീലിനുണ്ടായ തകരാർ പരിഹരിക്കുന്നതിനിടെ യന്ത്രത്തിൽനിന്ന് ഒരു ലോഹഭാഗം തെറിച്ച് നെഞ്ചിൽ തുളച്ചുകയറുകയായിരുന്നു.

ഹൃദയത്തിൽനിന്ന് ഇഞ്ചുകളുടെ വ്യത്യാസത്തിൽ ശ്വാസകോശത്തിൽ കയറിയ ലോഹഭാഗം ജീവന് ഭീഷണിയായിരുന്നുവെന്നും കൃത്യസമയത്ത് ശസ്ത്രക്രിയ നടത്താനായതാണ് നിർണായകമായതെന്നും കാർഡിയാക് തൊറാസിക് സർജൻ ഡോ. റിജു രാജസേനൻ നായർ പറഞ്ഞു.
രോഗി വീട്ടിലേക്ക് മടങ്ങി.