
കൊച്ചി: തൃശൂർ പൂരം നടക്കുന്ന തേക്കിൻകാട് മൈതാനം പ്ലാസ്റ്റിക് രഹിതമെന്ന് ഉറപ്പാക്കാൻ ഹൈക്കോടതി കൊച്ചിൻ ദേവസ്വം ബോർഡിനും തൃശൂർ കോർപ്പറേഷനും നിർദ്ദേശം നല്കി. പൂരദിനങ്ങളിൽ മൈതാനത്ത് സംഗീതപരിപാടികൾ അനുവദിക്കരുത്. കഴിഞ്ഞവർഷത്തെ പൂരത്തിന് ശേഷം വടക്കുന്നാഥ ക്ഷേത്രപരിസരത്ത് മാലിന്യങ്ങൾ കുമിഞ്ഞുകൂടിയതിനെതിരായ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
പൂരവും അനുബന്ധ പ്രദർശനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ജൈവ, അജൈവ മാലിന്യങ്ങൾ തേക്കിൻകാട് മൈതാനത്തിന്റെ ഒരു ഭാഗത്തും തള്ളാൻ പാടില്ല. മാലിന്യം വലിച്ചെറിയുന്നില്ലെന്ന് നിരീക്ഷിക്കാൻ ദേവസ്വം ബോർഡ് സുരക്ഷാ ജീവനക്കാരെ നിയോഗിക്കണം. പൂരനഗരിയിൽ പൊലീസ് സ്ഥിരം പട്രോളിംഗ് ഏർപ്പെടുത്തണമെന്ന് തൃശൂർ ടൗൺ ഈസ്റ്റ് സി.ഐക്ക് നിർദ്ദേശം നല്കി. മതിൽക്കെട്ടിനകത്ത് ചെരിപ്പ് ഉപയോഗിക്കാൻ ആരെയും അനുവദിക്കരുതെന്ന് കോടതി നേരത്തേ നിർദ്ദേശിച്ചിരുന്നു.