ppc

അജൻഡ പരാജയപ്പെടുത്താൻ യു.ഡി.എഫുമായി കൈകോർത്ത് സി.പി.എം അംഗങ്ങൾ

തിരുവാണിയൂർ: എൽ.ഡി.എഫ് ഭരിക്കുന്ന തിരുവാണിയൂർ പഞ്ചായത്തിൽ പ്രസിഡന്റും സി.പി.എം പ്രാദേശിക നേതൃത്വവും രണ്ടു തട്ടിലായത് ഭരണപ്രതിസന്ധി സൃഷ്ടിക്കുന്നു. പത്താം വാർഡിൽ ശ്മശാനത്തിന് അനുമതി നൽകുന്നത് സംബന്ധിച്ച തർക്കത്തോടെ ഭിന്നത മറനീക്കി പുറത്തുവന്നു.

കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ ശ്മശാന വിഷയം അജൻഡയായി വച്ചിരുന്നു. വിദേശമാതൃകയിൽ സെല്ലർ ശ്മശാനം, നഴ്സിംഗ് കോളേജ്, കൺവെൻഷൻ സെന്റർ, ആംഫി തിയേറ്റർ എന്നിവയുൾപ്പെടുന്ന 50 കോടിയുടെ പദ്ധതിക്ക് അനുമതി നൽകണമെന്നായിരുന്നു പ്രസിഡന്റ് സി.ആർ. പ്രകാശന്റെ നിലപാട്. ഇത് ചർച്ചയ്ക്ക് എടുത്തതോടെ വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് അംഗങ്ങൾ യു.ഡി.എഫ് പിന്തുണയോടെ പ്രസിഡന്റിനെതിരെ നിലപാട് സ്വീകരിക്കുകയും അജൻ‌ഡ പരാജയപ്പെടുത്തുകയും ചെയ്തു. തത്വത്തിൽ പ്രസിഡന്റിനെതിരായ അവിശ്വാസമായാണ് ഇതിനെ പ്രതിപക്ഷം കാണുന്നത്. ഒന്നാം വാർഡ് അംഗം സജിനി സനിൽ പ്രസിഡന്റിനൊപ്പം നിന്നിരുന്നു.

പഞ്ചായത്ത് വക ഗ്യാസ് ക്രിമറ്റോറിയവും മൃതദേഹങ്ങൾ മറവു ചെയ്യുന്ന മറ്റൊരു ശ്മശാനവും ഇതിനു സമീപമുണ്ട്. അതുകൊണ്ടു തന്നെ പുതിയ ശ്മശാനത്തിനും അനുമതി നൽകാമെന്ന റിപ്പോർട്ടാണ് പഞ്ചായത്ത് സെക്രട്ടറി കമ്മിറ്റിയിൽ അവതരിപ്പിച്ചത്. പഞ്ചായത്ത് എ.ഇയും അനുകൂല റിപ്പോർട്ട് നൽകിയിരുന്നു.

ഇതോടെ, നാളുകളായി തിരുവാണിയൂരിലെ സി.പി.എമ്മിലുള്ള കടുത്ത ഉൾപാർട്ടി വിഭാഗീയതയാണ് പരസ്യമായത്. അടുത്തയിടെ ആക്ടിംഗ് സെക്രട്ടറിയായി ഐ.വി. ഷാജി വന്നതോടെയാണ് പാർട്ടിയും പഞ്ചായത്തും തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമായതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. പിണറായി പക്ഷത്തോട് അടുത്തു നിൽക്കുന്നയാളാണ് പ്രസിഡന്റ് സി.ആർ. പ്രകാശൻ. സി.പി.എം കോലഞ്ചേരി ഏരിയയിലെ വിഭാഗീയത അവസാനിച്ചെന്ന ജില്ലാ, സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനുള്ള തിരിച്ചടിയാണ് തിരുവാണിയൂരിലെ പ്രശ്നങ്ങൾ.

അടുത്തിടെ ലോക്കൽ കമ്മിറ്റി അംഗവും കർഷക സംഘം ഭാരവാഹിയുമായിരുന്ന എൻ.കെ. ഷിജു സ്ഥാനങ്ങൾ രാജിവച്ചതും വിവാദമായിരുന്നു. പാർട്ടി ആക്ടിംഗ് സെക്രട്ടറിയോടുള്ള തർക്കമാണ് രാജിക്ക് പിന്നിലെന്നാണ് ആരോപണം. പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ഷീജ വിശ്വനാഥന്റെയും മറ്റ് അംഗങ്ങളുടെയും നടപടിക്കെതിരെ സംസ്ഥാന, ജില്ലാ, ഏരിയ നേതൃത്വങ്ങൾക്ക് പരാതി നൽകിയിട്ടുണ്ട്.

ട്വന്റി20 വേരുറപ്പിക്കുന്ന കുന്നത്തുനാട് മണ്ഡലത്തിലെ അഞ്ചാം പഞ്ചായത്താണ് തിരുവാണിയൂർ. പാർട്ടിയിലെ വിഭാഗീയതയിൽ മനംമടുത്ത് നിരവധി സി.പി.എം അണികൾ കൊഴിഞ്ഞുപോയി ട്വന്റി20യുടെ ഭാഗമായിക്കഴിഞ്ഞു. വർഷങ്ങളായി സി.പി.എം കുത്തകയായിരുന്ന തിരുവാണിയൂർ പഞ്ചായത്ത് പാർട്ടി വിഭാഗീയതകാരണം കൈവിട്ടു പോകുന്ന അവസ്ഥയാണ്.