കൊച്ചി: യൂത്ത്‌കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കമ്മിഷണർ ഓഫിസ് മാർച്ച് അക്രമാസക്തമായി. പ്രവർത്തകർ പൊലീസിനെ കല്ലെറിഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു. കല്ലേറിൽ പൊലീസുകാർക്ക് പരിക്കില്ല. ഇന്നലെ രാവിലെ 12ന് ഡി.സി.സി ഓഫീസ് പരിസരത്തു നിന്ന് ജില്ലാ പ്രസിഡന്റ് സിജോ ജോസഫിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു.

യുവജന സംഘടനകൾ നടത്തുന്ന പ്രതിഷേധ സമരങ്ങളോട് സംസ്ഥാന സർക്കാരിന് ഇരട്ടത്താപ്പാണെന്നും യൂത്ത്‌കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനെ കൊടും കുറ്റവാളിയെപ്പോലെയാണ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധമാർച്ച് കോർപ്പറേഷൻ ഓഫീസിന് സമീപം പൊലീസ് തടഞ്ഞതോടെയാണ് പ്രവർത്തകർ കല്ലെറിഞ്ഞത്. തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസുമായി വാക്കേറ്റത്തിലേർപ്പെട്ട യൂത്ത്‌കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് തള്ളിയിടാനും ശ്രമം നടത്തി. പിരിഞ്ഞുപോകാൻ പ്രവർത്തകർ കൂട്ടാക്കാതെ വന്നതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

പ്രതിഷേധ പരിപാടി അലങ്കോലമാക്കാൻ ഇതിനിടെ പൊലീസ് ബോധപൂർവം മാർച്ചിനിടയിലേക്ക് ആംബുലൻസ് കടത്തിവിട്ടെന്ന് യൂത്ത്‌കോൺഗ്രസ് ആരോപിച്ചു. നേതാക്കളെത്തിയാണ് ആംബുലൻസ് വഴി തിരിച്ചുവിട്ടത്. യൂത്ത്‌കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. ശ്യാം, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ തുടങ്ങിയവരും മാർച്ചിൽ പങ്കെടുത്തു.