കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ളാന്റിന് വേണ്ടി സംസ്ഥാന സർക്കാർ നൽകിയ വായ്പ തിരിച്ചടയ്ക്കുന്നത് സംബന്ധിച്ച് കൊച്ചി കോർപ്പറേഷന് ഒരു ധാരണയുമില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്. 2022-23ലെ ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച പരാമർശങ്ങൾ.
158.42 കോടി രൂപയായിരുന്നു വായ്പ. 28 തവണകളായി തിരിച്ചടയ്ക്കണമെന്നാണ് വ്യവസ്ഥ. ഇതുവരെ ഏഴ് തവണകൾ അടച്ചശേഷം 118.81 കോടി കുടിശികയുണ്ട്. ഈ തുക കോർപ്പറേഷന്റെ ധനകാര്യ പത്രികയിൽ ബാദ്ധ്യതയായും കാണിച്ചിട്ടില്ല. കഴിഞ്ഞ ഒക്ടോബറിൽ ഓഡിറ്റ് അധികൃതർ വിശദീകരണം തേടിയെങ്കിലും കോർപ്പറേഷൻ മൗനം പാലിച്ചു. വാർഷിക ധനകാര്യപത്രികയിൽ വായ്പയുടെ വിശദാംശങ്ങളെല്ലാം ഉൾപ്പെടുത്തണമെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുണ്ട്.
ഇലക്ട്രിക് ട്രൈസൈക്കിൾ തരികിട പരിപാടി
മാലിന്യനീക്കത്തിന് 1,99,147 രൂപയ്ക്ക് പ്രിയം എൻജിനിയേഴ്സിൽ നിന്ന് വാങ്ങിയ 120 ട്രൈസൈക്കിളുകൾ തല്ലിപ്പൊളിയാണെന്നും തരികിട ഏർപ്പാടാണെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. 23.89 കോടിയുടെ ഇടപാട് ജെം പോർട്ടൽ വഴി നടപ്പാക്കാതെ തിരുവനന്തപുരം കോർപ്പറേഷനിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉറപ്പിക്കുകയായിരുന്നു. പ്രോജക്ടായി നടപ്പാക്കുകയോ ഡി.പി.സി അംഗീകാരം വാങ്ങുകയോ ചെയ്തില്ല. പ്രൊക്യൂർമെന്റ് കമ്മിറ്റി രൂപീകരിച്ചില്ല. സപ്ളൈ ചെയ്ത സ്ഥാപനത്തിന്റെ യോഗ്യതകളും ഹാജരാക്കിയിട്ടില്ല. ഈ ഇടപാടിൽ ടാക്സ് അപ്പീൽ കമ്മിറ്റി ചെയർമാൻ അഡ്വ. പ്രിയ പ്രശാന്ത് വിശദമായ പോരായ്മകൾ രേഖപ്പെടുത്തി വിയോജനക്കുറിപ്പ് എഴുതിയിട്ടുണ്ട്.
ഗുണനിലവാരമുള്ള വാഹനങ്ങൾ വാർഷിക അറ്റകുറ്റപ്പണിക്കുള്ള വ്യവസ്ഥകളില്ലാതെ വാങ്ങിക്കുക വഴി പിടിപ്പുകേടാണ് കാണിച്ചതെന്നും നഗരസഭയെ സാമ്പത്തിക ബാദ്ധ്യതയിലേക്ക് ഈ ഇടപാട് തള്ളിയിട്ടെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിലെ പരാമർശങ്ങൾ
• 120 വാഹനങ്ങളിൽ 18 എണ്ണം വിതരണം ചെയ്തില്ല. ഇതിൽ ആറെണ്ണം തകരാറിൽ
• വാഹനങ്ങൾ പലതും ഉപയോഗശൂന്യമായി നഗരസഭയിലും ഡ്രൈവർമാരുടെ വീടുകളിലും കണ്ടെത്തി
• ബാറ്ററികൾക്ക് നിലവാരമില്ല, ചാർജ് നിൽക്കുന്നില്ല
• ലൈറ്റ്, ഹോൺ, ആക്സിലേറ്റർ, വയറിംഗുകൾ തകരാറിൽ.
• തകരാറുകൾ പ്രിയം ഇൻഡസ്ട്രീസ് പരിഹരിക്കുന്നില്ല
ലൈബ്രറി സെസ് അടയ്ക്കുന്നില്ല, കുടിശിക 15 കോടി
വസ്തു നികുതിക്കൊപ്പം ഈടാക്കുന്ന ലൈബ്രറി സെസ് കോർപ്പറേഷൻ ലൈബ്രറി കൗൺസിലിൽ അടയ്ക്കുന്നില്ല. 15.39 കോടി രൂപയാണ് ഈ ഇനത്തിൽ കുടിശിക. ഈടാക്കി മൂന്നുമാസത്തിനുള്ളിൽ പണം അടച്ചില്ലെങ്കിൽ അതിന്റെ ബാദ്ധ്യത സെക്രട്ടറിക്കും ചെയർപേഴ്സണുമുണ്ട്. വിശദാംശങ്ങൾ തേടിയെങ്കിലും കോർപ്പറേഷൻ മറുപടി നൽകിയില്ല.