
കൊച്ചി: 'മൈക്കും ഭക്ഷണവും കണ്ടാൽ മൂപ്പര് വിടില്ലെന്ന്" സ്വന്തം പാർട്ടിക്കാരടക്കം തന്നെക്കുറിച്ച് തമാശ പറയുമ്പോൾ ആസ്വദിച്ചു ചിരിക്കുന്ന രസികനായിരുന്നെങ്കിലും ദേഷ്യം വന്നാൽ മുഖംനോക്കാതെ പ്രതികരിക്കുന്നതായിരുന്നു ടി.എച്ച്. മുസ്തഫയുടെ രീതി. എന്നാൽ പാർട്ടി നിലപാടുകളിൽ കാർക്കശ്യക്കാരൻ. ആരെയും കൂസാത്ത കെ.കരുണാകരനോടുവരെ ശുണ്ഠിയെടുത്തിട്ടുണ്ട്. മണിക്കൂറുകൾ തുടർച്ചയായി പ്രസംഗിക്കാൻ കഴിയുമായിരുന്ന അദ്ദേഹം ഭക്ഷണപ്രിയനുമായിരുന്നു.
വിഷയമേതായാലും ചെറുപ്പക്കാരെ ഉൾപ്പെടെ പിടിച്ചിരുത്തുന്ന ഉദാഹരണങ്ങൾ സഹിതമായിരുന്നു പ്രസംഗം. കേൾവിക്കാരെ ചിരിപ്പിച്ച് എതിരാളികളെ കടന്നാക്രമിക്കുന്ന ശൈലി ചെറുപ്പക്കാർക്ക് ആവേശം പകർന്നു. സ്വതസിദ്ധമായ ശൈലിയിൽ മുസ്തഫയ്ക്കുനേരെ പരിഹാസശരങ്ങൾ തൊടുത്തിട്ടുള്ള ഇ.കെ.നായനാരുമായി ഊഷ്മളബന്ധമായിരുന്നു. 'ശാപ്പാട്ടുരാമൻ' ആയതിനാലാണ് മുസ്തഫയ്ക്ക് അന്നത്തെ മുഖ്യമന്ത്രി കരുണാകരൻ ഭക്ഷ്യവകുപ്പ് നല്കിയതെന്നും പത്തുപേരുടെ ഭക്ഷണം കഴിക്കുമെന്നും നായനാർ തമാശരൂപേണ പറഞ്ഞിരുന്നു.
പെരുമ്പാവൂരിൽ മുസ്തഫയുടെ വീടിനടുത്ത് നടന്ന പാർട്ടിസമ്മേളനത്തിൽ പ്രസംഗത്തിനിടെ നായനാർ ഇത് പരാമർശിച്ചപ്പോൾ വീടിന്റെ പൂമുഖത്തിരുന്ന് മുസ്തഫ പൊട്ടിച്ചിരിച്ചു. പ്രസംഗം കഴിഞ്ഞപ്പോൾ വേദിയിലെത്തിയ മുസ്തഫ, നായനാരെ കൈയോടെ പിടികൂടി വീട്ടിലേക്കു കൊണ്ടുപോയി. ചായകുടിച്ച് തമാശകൾ പറഞ്ഞ് ഏറെസമയം അവിടെ ചെലവഴിച്ച ശേഷമാണ് നായനാർ മടങ്ങിയത്. നായനാരെ പരിഹസിക്കുന്നതിൽ മുസ്തഫയും പിന്നിലായിരുന്നില്ല.
കോൺഗ്രസിലെ തീപ്പൊരി പ്രാസംഗികനും മികച്ച സംഘാടകനുമായിരുന്ന അദ്ദേഹത്തിന്റെ ചില പ്രയോഗങ്ങൾ സ്വന്തം നേതാക്കളെയും മുറിവേല്പിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി നേതൃത്വം ഏറ്റെടുത്ത കാലത്ത്, താഴേത്തട്ടിൽ ആലോചിക്കാതെയാണ് തീരുമാനം എടുക്കുന്നതെന്നതടക്കമുള്ള വിമർശനത്തിന് 2014ൽ മുസ്തഫയെ കോൺഗ്രസിൽ നിന്നു സസ്‌പെൻഡ് ചെയ്തിരുന്നു. പാമോലിൻ കേസിൽ പ്രതിചേർക്കപ്പെട്ടിരുന്നു.
പ്രതിസന്ധിഘട്ടത്തിൽ കരുണാകരനൊപ്പം ഉറച്ചുനിന്നെങ്കിലും അർഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്നും ഗ്രൂപ്പിനെ ചിലർ ഹൈജാക്ക് ചെയ്‌തെന്നും മറ്റുമുള്ള വിഷമം അടുപ്പക്കാരോട് പങ്കുവച്ചിരുന്നു. ആരെയും കൂസാതെ എന്തും വെട്ടിത്തുറന്നു പറയുന്ന പ്രകൃതം ചെറുപ്പക്കാർക്കിടയിൽ സ്വീകാര്യത നേടിയിരുന്നു.