തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ സെന്റ്
മേരീസ് ഫൊറോന പള്ളിയിൽ പൊതുയോഗത്തിനിടെ വാക്കേറ്റവും ബഹളവും കൈയാങ്കളിയും. ഇടവക തിരുനാൾ, ബൈബിൾ കൺവെൻഷൻ, ജൂബിലിയാഘോഷങ്ങൾ എന്നിവയുടെ
നടത്തിപ്പിന് വികാരി ഫാ.തോമസ് പെരുമായന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ രാവിലെ നടന്ന പൊതുയോഗത്തിലാണ് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്.
ഫൊറോന ബൈബിൾ കൺവെൻഷനിൽ സിറോ മലബാർ സഭയുടെ പ്രഖ്യാപിതനയങ്ങൾക്കെതിരെ നിലപാടെടുത്ത വൈദികരെ വചനപ്രഘോഷകരാക്കരുത് എന്നതിനെച്ചൊല്ലിയായിരുന്നു തർക്കവും ബഹളവും. അതിരൂപതാ ആസ്ഥാനത്ത് സമരം നടത്തിയ ഫാ.ജോസഫ് പാറെക്കാട്ടിൽ, മാർപാപ്പയ്ക്കെതിരെ നിലപാടെടുത്ത ഫാ.ജേക്കബ് മഞ്ഞളി എന്നിവരെ ബൈബിൾ കൺവെൻഷനിൽ പങ്കെടുപ്പിക്കരുതെന്ന് ഔദ്യോഗിക വിഭാഗം വികാരിയോട് ആവശ്യപ്പെട്ടു. തുടർന്നുള്ള തർക്കമാണ് സംഘർഷത്തിലെത്തിയത്. വിവരമറിഞ്ഞ് ഹിൽപാലസ് പൊലീസ് സ്ഥലത്തെത്തിയിരുന്നു. വിവാദ വൈദികർ കൺവെൻഷൻ നയിക്കാനെത്തിയാൽ തടയുമെന്ന നിലപാടിലാണ് ഒരു വിഭാഗം വിശ്വാസികൾ.