
കോലഞ്ചേരി: അടുക്കളയുടെ ചിമ്മിനിയിൽ ഉണക്കാനിട്ട റബർ ഷീറ്റിൽ നിന്ന് തീപിടിച്ച് ഗ്യാസ് അടുപ്പിലേക്ക് പടർന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ താന്നിയ്ക്കാമറ്റം മാണിയുടെ വീട്ടിലാണ് അപകടം. കനത്ത ചൂടിൽ റബർ ഷീറ്റ് ഉരുകി അടുപ്പിലേക്ക് വീണതോടെ അടുക്കളയിൽ തീ പടരുകയായിരുന്നു. തീ സമീപത്തെ ഗ്യാസ് അടുപ്പിന്റെ പൈപ്പിലേക്ക് പടർന്നു. ഫയർഫോഴ്സ് സംഘം ഗ്യാസ് സിലിണ്ടർ റെഗുലേറ്റർ വേർപെടുത്തി തീ കെടുത്തി. പട്ടിമറ്റം ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ വി.കെ. സുരേഷ്, ദീപേഷ് ദിവാകരൻ, പി.ആർ. ഉണ്ണിക്കൃഷ്ണൻ, വി.ജി. വിജിത് കുമാർ, എസ്. വിഷ്ണു, എസ്. അനിൽകുമാർ എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.