
കൊച്ചി: സംസ്ഥാനത്തെ ഫ്ളാറ്റുകളുടെ മുകൾ നിലകളിൽ തീപിടിച്ചാൽ നിസഹായരാകുന്ന അഗ്നിരക്ഷാ സേന രക്ഷാപ്രവർത്തനത്തിനായി ഏരിയൽ പ്ളാറ്റ്ഫോമുകൾ (സ്കൈ ലിഫ്റ്റ്) വാങ്ങാനൊരുങ്ങുന്നു. 60 മീറ്റർ വരെ ഉയരത്തിൽ (20 നിലകൾ) രക്ഷാപ്രവർത്തനം നടത്താനാകുന്ന സ്‌കൈ ലിഫ്ടാണ് ലക്ഷ്യം. ഇതിനായി 15 കോടി വകയിരുത്തി.
മൂന്നുനിലയ്ക്ക് മുകളിലേക്ക് ഗോവണിപ്പടിയെ ആശ്രയിച്ചുള്ള സേവനമാണ് നിലവിൽ കേരളത്തിലെ അഗ്നിരക്ഷാ സേനയ്‌ക്കുള്ളത്. 20 - 25 നില ഉയരത്തിൽ വരെ രക്ഷാപ്രവർത്തനം നടത്താനാകുന്ന സ്‌കൈ ലിഫ്ടുകൾ ജാർഖണ്ഡിലും കാശ്മീരിലും വരെയുണ്ട്. തമിഴ്നാട്ടിലും കർണാടകയിലും 50 - 60 നിലകളിൽ വരെ എത്താനാവുന്ന സ്‌കൈ ലിഫ്ടുകളുണ്ട്.
സ്കൈ ലിഫ്ടിനായുള്ള സേനയുടെ ശ്രമത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കേന്ദ്രത്തിന്റെ ദുരന്തനിവാരണ ഫണ്ടും ലഭിക്കും. പലവട്ടം ടെൻഡർ ക്ഷണിച്ചെങ്കിലും കാര്യം നടന്നില്ല. കേന്ദ്രസർക്കാർ പണമനുവദിച്ചിട്ടും സേനയിലെ പ്രശ്നങ്ങളാണ് തടസമായത്. തുടർന്നാണ് ആഗോള ടെൻഡറിനുള്ള നീക്കം. മാർച്ച് 31ന് മുമ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് ശ്രമം. ദൗത്യം വിജയിച്ചാൽ കൊച്ചിയിൽ സ്കൈ ലിഫ്ടെത്തും. ഓർഡർ നൽകിയാലും ലഭിക്കാൻ ഒരു വർഷമെടുക്കും.
മുകളിലെത്താൻ രണ്ട് മിനിട്ട്
 വിദേശ കമ്പനികൾ മാത്രമേ സ്കൈ ലിഫ്ട് നൽകുന്നുള്ളൂ
 ബെൻസ്, വോൾവോ കമ്പനികളുടെ ട്രക്കുകളിലാണ് ഘടിപ്പിക്കുക
 അഞ്ച് പേർക്ക് കയറാവുന്ന മുകൾത്തട്ടിൽ വാട്ടർ, ഗ്യാസ് ജെറ്റുകൾ
 രണ്ടോ മൂന്നോ മിനിറ്റുകൊണ്ട് ഉയരത്തിലെത്താം
 കമ്പ്യൂട്ടറൈസ്ഡ് ഓട്ടോമാറ്റിക് സംവിധാനങ്ങൾ
 റിഫൈനറിയിൽ മാത്രം
15 നില ഉയരത്തിൽ രക്ഷാപ്രവർത്തനം നടത്താനാകുന്ന 44 മീറ്റർ ശേഷിയുള്ള സ്കൈ ലിഫ്ട് എറണാകുളത്തെ ബി.പി.സി.എൽ കൊച്ചി റിഫൈനറിയുടെ അഗ്നിരക്ഷാ സേനയ്ക്കുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ പുറത്തെ ആവശ്യങ്ങൾക്കും ഉപയോഗിക്കാമെങ്കിലും ഇതുവരെ വേണ്ടിവന്നിട്ടില്ല. 2019ലാണ് ഫിൻലൻഡിലെ ബ്രോണ്ടോ സ്കൈ ലിഫ്റ്റിൽ നിന്ന് എട്ട് കോടിയുടെ സ്കൈ ലിഫ്ട് വാങ്ങിയത്. മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിൽ ഇത് സഞ്ചരിക്കും.