ഫോർട്ടുകൊച്ചി: ഫോർട്ടുകൊച്ചി സർക്കാർ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് രോഗികളെ വലയ്ക്കുന്നതായി പരാതി. സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ ഈ ആശുപത്രിയിൽ ദിവസേന സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് ചികിത്സതേടുന്നത്. ആശുപത്രയിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് മഹാത്മാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

മഹാത്മാ പ്രവർത്തകർ ആശുപത്രിയിൽ എത്തിയപ്പോൾ സൂപ്രണ്ട് ഉണ്ടായിരുന്നില്ല. പ്രതിഷേധ വാർത്തയറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. പിന്നാലെ പ്രവർത്തകരും പൊലീസുമായി ചെറിയ വാക്കേറ്റമുണ്ടായി. തുടർന്ന് ആർ.എം.ഒയുമായി ചർച്ച നടത്തി. ജോലിഭാരം കൂടുതലാണെന്നും ഇത് പരിഹരിക്കാൻ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് ആർ.എം.ഒ വ്യക്തമാക്കിയതായി പ്രതിഷേധക്കാർ പറഞ്ഞു. ക്യാൻസർ രോഗിയായ വീട്ടമ്മയ്ക്ക് കീമോ കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ എടുക്കണ്ട ഇഞ്ചക്ഷൻ നഴ്സുമാരുടെ അനാസ്ഥ കൊണ്ട് വൈകിയതുമൂലം അണുബാധയുണ്ടായതായും പ്രതിഷേധക്കാർ പറഞ്ഞു. പ്രശ്നപരിഹാരത്തിന് മേലധികാരികൾക്കും ആരോഗ്യമന്ത്രിക്കും നിവേദനം കൊടുക്കുമെന്നും മഹാത്മാ പ്രവർത്തകർ പറഞ്ഞു. പ്രതിഷേധത്തിന് മഹാത്മ സംസ്കാരിക വേദി ചെയർമാൻ ഷമീർ വളവത്ത്, ആർ. ബഷീർ, മൻസൂർ അലി,സി.ഇ. സിയാദ്,​ കെ.ബി ജബ്ബാർ, ഹസീന നൗഷാദ്, സംജാദ് ഈരവേലി, അംജു കൊച്ചങ്ങാടി എന്നിവർ നേതൃത്വം നൽകി.