
പെരുമ്പാവൂർ: ടി.എച്ച്. മുസ്തഫയുടെ മരണത്തോടെ മുൻ സ്പീക്കറും കോൺഗ്രസ് നേതാവുമായ പി.പി. തങ്കച്ചന് നഷ്ടമായത് സന്തത സഹചാരിയെയും ദീർഘനാളത്തെ രാഷ്ട്രീയ,വ്യക്തി ബന്ധമുള്ള നേതാവിനെയുമാണ്.
പെരുമ്പാവൂർ രാഷ്ട്രീയത്തിൽ കാര്യമായ സ്ഥാനമില്ലാതിരുന്ന കോൺഗ്രസിനെ വളർത്തിയത് ടി.എച്ച്. മുസ്തഫയായിരുന്നു. തങ്കച്ചനെ ചെറുപ്പത്തിൽത്തന്നെ മുനിസിപ്പൽ ചെയർമാനാക്കാൻ മുന്നിൽ നിന്ന് പരിശ്രമിച്ചതും മുസ്തഫ തന്നെ. മുസ്തഫ കോൺഗ്രസിന്റെ പെരുമ്പാവൂർ ബ്ലോക്ക് പ്രസിഡന്റായിരിക്കുമ്പോൾ തങ്കച്ചൻ മണ്ഡലം പ്രസിഡന്റായിരുന്നു. മുസ്തഫ സി.സി.സി പ്രസിഡന്റായപ്പോൾ തങ്കച്ചൻ ബ്ലോക്ക് പ്രസിഡന്റ് പദത്തിലെത്തി. മുസ്തഫ കെ.പി.സി.സി ഭാരവാഹിയായപ്പോൾ തങ്കച്ചൻ ഡി.സി.സി പ്രസിഡന്റുമായി. മുസ്തഫയുടെ പിൻഗാമിയായി തങ്കച്ചനും രാഷ്ട്രീയ ജീവിതം കരുപ്പിടിപ്പിച്ചു.
1991ൽ കരുണാകരൻ മന്ത്രിസഭയിൽ പെരുമ്പാവൂരിൽ നിന്ന് ജയിച്ച തങ്കച്ചനെ സ്പീക്കറായി തിരഞ്ഞെടുത്തു. തൊട്ടടുത്തെ കുന്നത്തുനാട് മണ്ഡലത്തിലെ വിജയിയായ മുസ്തഫയെ മന്ത്രിയാക്കാൻ കരുണാകരൻ വിസമ്മതിച്ചപ്പോൾ തങ്കച്ചൻ എ.കെ. ആന്റണിക്ക് മുന്നിലെത്തി. അതോടെ മുസ്തഫ മന്ത്രിയും തങ്കച്ചൻ സ്പീക്കറുമായി.