kara

കൊച്ചി: കാര ചെമ്മീൻ കൃഷി പുനരാരംഭിക്കുകയും വ്യാപകമാക്കുകയും വേണമെന്ന് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ നടന്ന രാജ്യാന്തര ഫിഷറീസ് കോൺഗ്രസ് ആവശ്യപ്പെട്ടു. രാജ്യത്തെ ഉൾനാടൻ മത്സ്യ സമ്പത്തിനെക്കുറിച്ച് വിവരശേഖരം ഉണ്ടാവണം.

കടലിലെ മത്സ്യകൃഷി ഉൾപ്പെടെയുള്ള സാദ്ധ്യതകളെക്കുറിച്ച് അദ്ധ്യാപകർക്ക് പരിശീലനം നൽകണമെന്നും

ഫിഷറീസ് കൗൺസിൽ ഒഫ് ഇന്ത്യ രൂപീകരിക്കണമെന്നും സമ്മേളനത്തിൽ നിർദേശം ഉയർന്നു.

വൈസ് ചാൻസലർ ഡോ.ടി. പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.കെ. ഗോപകുമാർ, രജിസ്ട്രാർ ദിനേശ് കൈപ്പിള്ളി, കൺവീനർ ഡോ.ജിജോ ഇട്ടൂപ്പ് എന്നിവർ സംസാരിച്ചു.

വേമ്പനാട്ട് കായൽ സംരക്ഷണത്തിന് നയം വേണം

വേമ്പനാട്ട് കായൽ സംരക്ഷിക്കാനായി പുതിയ വികസന അഥോറിറ്റി രൂപീകരിക്കണമെന്ന് ഫിഷറീസ് കോൺഗ്രസ് നിർദേശിച്ചു. ഒഡീഷയിലെ ചിലിക്ക കായൽ വികസന അതോറിറ്റിയുടെ മാതൃകയിൽ നിയന്ത്രണാധികാരമുള്ള അതോറിട്ടി രൂപീകരിച്ചാൽ കൈയേറ്റത്തിനെതിരെയും മറ്റും നടപടി സ്വീകരിക്കാം.
ജലസംഭരണശേഷി ഒരു നൂറ്റാണ്ടിനിടെ 85 ശതമാനത്തോളം കുറഞ്ഞെന്നും ഇടപെടൽ ഉണ്ടായില്ലെങ്കിൽ കായലിന്റെ മരണം ആസന്നമാണെന്നും സമ്മേളനം വിലയിരുത്തി. നിർദ്ദേശങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷനും സമർപ്പിക്കും.